കേരളത്തിൽ സ്വകാര്യ നിക്ഷേപം കൊണ്ടുവരിക എന്നതാണ് യുഡിഎഫിന്റെ നയമെന്ന് മുഖ്യമന്ത്രി

Global Indian Writer · June 19, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: കേരളത്തിൽ സ്വകാര്യ നിക്ഷേപം കൊണ്ടുവരിക എന്നതാണ് യുഡിഎഫിന്റെ നയമെന്നും അതിലൂടെ മാത്രമേ സംസ്ഥാനത്തിന് നിലനിൽപ്പുള്ളൂവെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ. നിലവിൽ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾ കടുത്ത പ്രതിസന്ധി നേരിടുകയാണ്. പുതിയ നിയമനങ്ങൾ നടക്കാതെ കരാർ തൊഴിലാളികളെ ഉപയോഗിച്ചാണ് പല സ്ഥാപനങ്ങളും പ്രവർത്തിക്കുന്നതെന്നും സതീശൻ ചൂണ്ടിക്കാട്ടുന്നു. ബജറ്റ് അവതരിപ്പിച്ചതിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സതീശൻ പറഞ്ഞു.

ട്രാക്കോ കേബിൾ ഇതിനോടകം പൂട്ടിക്കഴിഞ്ഞു. കൂടാതെ ടെൽക്ക്, അഗ്രോ മെഷിനറി കോർപ്പറേഷൻ, ട്രാവൻകൂർ സിമന്റ്സ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾ പൂട്ടലിന്റെ വക്കിലാണെന്നത് ആശങ്കാജനകമാണ്. വിരമിക്കൽ മൂലമുണ്ടാകുന്ന ഒഴിവുകളിൽ പോലും പുതിയ നിയമനങ്ങൾ നടത്താൻ ഈ സ്ഥാപനങ്ങൾക്ക് സാധിക്കുന്നില്ല. പകരം കരാർ തൊഴിലാളികളെ വെച്ചാണ് ഇത്തരം സ്ഥാപനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണ് ഒരാൾക്ക് പോലും പുതുതായി ജോലി നൽകാൻ കഴിയാത്ത തരത്തിലാണ് ഇത്തരം സ്ഥാപനങ്ങൾ നിലനിൽക്കുന്നത്.

കേരളത്തിലെ എൻജിനീയറിങ് കോളേജുകളിൽ നിന്ന് പഠിച്ചിറങ്ങുന്ന മെക്കാനിക്കൽ, ഇലക്ട്രിക്കൽ ബിരുദധാരികൾക്ക് ജോലി നൽകാൻ നിലവിലെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് കഴിയുന്നില്ല. അനുയോജ്യമായ തൊഴിൽ ലഭിക്കാത്തതിനാലാണ് കേരളത്തിലെ യുവാക്കൾ നാടുവിടുന്നത്. പഴയകാല മുദ്രാവാക്യങ്ങൾ മുറുകെപ്പിടിച്ച് സ്വകാര്യ നിക്ഷേപത്തെ എതിർക്കുന്നത് കേരളത്തിന്റെ ഭാവിയെ ബാധിക്കുമെന്നും, സ്വകാര്യ നിക്ഷേപം കൊണ്ടുവന്നില്ലെങ്കിൽ കേരളം നിലനിൽക്കില്ലെന്നുമാണ് യുഡിഎഫ് മുന്നോട്ടുവെക്കുന്ന നിലപാടെന്നും അദ്ദേഹം പറഞ്ഞു.

Share this story

Leave a Comment

Your comment will be visible after admin approval.