ബുക്കാവു: കോംഗോയിൽ സ്കൂളുകളിലുണ്ടായ തീപിടിത്തത്തിൽ വിദ്യാർഥികൾ ഉൾപ്പെടെ 29 പേർക്ക് ദാരുണാന്ത്യം. ബുക്കാവുവിലെ സൗത്ത് കിവു പ്രവിശ്യയിലെ ചിംപുണ്ട നഗരത്തിലാണ് വൻ ദുരന്തം നടന്നത്. 19 പെൺകുട്ടികളും അഞ്ച് ആൺകുട്ടികളുമാണ് തീപിടിത്തത്തിൽ വെന്തുമരിച്ചതെന്നാണ് റോയിട്ടേസ് റിപ്പോർട്ട് ചെയ്യുന്നത്.
വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. മുന്നൂറോളം വീടുകളും രണ്ട് സ്കൂൾ കെട്ടിടങ്ങളും പൂർണമായി കത്തിനശിച്ചു. പ്രദേശത്തുണ്ടായ തീപിടിത്തം ഉജാമ പ്രൈമറി സ്കൂളിലേക്കും ഫുരാഹ സെക്കൻഡറി സ്കൂളിലേക്കും പടരുകയായിരുന്നു. പരിക്കേറ്റ 25ഓളം പേർ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇതിൽ 17 പേരുടെ നില ഗുരുതരമാണെന്ന് കഡുതു ജനറൽ ഹോസ്പിറ്റൽ അധികൃതർ അറിയിച്ചു.
തീപിടിത്തത്തെ തുടർന്നുണ്ടായ കനത്ത പുകയിൽ കുടുങ്ങിക്കിടന്ന കുട്ടികളും അധ്യാപകരുമടക്കം നിരവധി പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പുക ശ്വസിച്ചും വെപ്രാളത്തിൽ ഓടുന്നതിനിടയിലുണ്ടായ പെട്ടാണ് പല കുട്ടികളുടെയും ജീവൻ നഷ്ടപ്പെട്ടതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും വിമത വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ ഫെബ്രുവരി മുതൽ റുവാണ്ടയുടെ പിന്തുണയുള്ള വിമത സംഘടനയുടെ നിയന്ത്രണത്തിലാണ് നിലവിൽ ബുക്കാവു നഗരം. നഗരത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി തുടർച്ചയായി തീപിടിത്തങ്ങളുണ്ടാകുന്നുണ്ട്. കഴിഞ്ഞ ഞായറാഴ്ച മാത്രം 45ലധികം വീടുകൾ കത്തിനശിച്ചിരുന്നു.
Leave a Comment
Your comment will be visible after admin approval.