തിരുവനന്തപുരം: കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ (കെ.പി.സി.സി) പുതിയ അധ്യക്ഷനെ സംബന്ധിച്ച് കോൺഗ്രസ് നേതൃത്വത്തിൽ ഏകദേശ ധാരണയായതായി സൂചനകൾ. കഴിവ്, ജനസ്വീകാര്യത, സംഘടനാ മികവ്, സാമുദായിക സമവാക്യം എന്നിവ പരിഗണിച്ചായിരിക്കും പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുകയെന്നാണ് ലഭിക്കുന്ന വിവരം.
“ഒരാൾക്ക് ഒരു പദവി” എന്ന ആവശ്യം ചില കോണുകളിൽ നിന്ന് ഉയർന്നുവന്നിരുന്നെങ്കിലും, ഹൈക്കമാൻഡ് നേതൃത്വം അത് അംഗീകരിച്ചിട്ടില്ലെന്നാണ് സൂചന. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുന് ഖാർഗെ രാജ്യസഭാ പ്രതിപക്ഷ നേതൃസ്ഥാനവും കോൺഗ്രസ് അധ്യക്ഷ സ്ഥാനവും ഒരുമിച്ച് വഹിക്കുന്നതും, വിവിധ സംസ്ഥാനങ്ങളിൽ ജനപ്രതിനിധികൾ സംഘടനാ ചുമതലകൾ വഹിക്കുന്നതും നേതൃത്വം പരിഗണിക്കുന്ന ഘടകങ്ങളാണെന്നാണ് വിലയിരുത്തൽ.
സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ജനപ്രതിനിധികൾക്കും പരിഗണന ലഭിക്കാമെന്ന നിലപാടിലേക്കാണ് കോൺഗ്രസ് നേതൃത്വം എത്തിയിരിക്കുന്നതെന്നാണ് സൂചന. ഈ സാഹചര്യത്തിൽ പൊതുസ്വീകാര്യതയും നിയമസഭയിലെയും പുറത്തെയും ഇടപെടലുകളും പരിഗണിക്കുമ്പോൾ ഡോ. മാത്യു കുഴൽനാടന്റെ പേര് ശക്തമായി ഉയരുന്നതായി രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നു.
പുതിയ തലമുറയ്ക്കിടയിലും, പ്രത്യേകിച്ച് യുവജനങ്ങൾക്കിടയിലും സ്വീകാര്യത നേടിയ നേതാവാണ് മാത്യു കുഴൽനാടനെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ വിലയിരുത്തൽ. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിനെതിരായ രാഷ്ട്രീയ പോരാട്ടങ്ങളിൽ, പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിഷയങ്ങളിൽ അദ്ദേഹം നടത്തിയ ഇടപെടലുകൾ ശ്രദ്ധ നേടിയിരുന്നു.
കഴിവ്, ജനപിന്തുണ, വിവിധ സാമൂഹിക വിഭാഗങ്ങളുമായുള്ള സ്വീകാര്യത എന്നിവ പരിഗണിച്ചാൽ ഡോ. മാത്യു കുഴൽനാടൻ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന പ്രധാന പേരുകളിൽ ഒരാളാണെന്നാണ് കോൺഗ്രസ് വൃത്തങ്ങളിൽ നിന്നുള്ള സൂചനകൾ.
Leave a Comment
Your comment will be visible after admin approval.