Monday, April 27, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeLatest news'ഇന്ന് വെടിയുണ്ടകൾ പായുന്നതു കാണാം’: വെടിവയ്പ്പിന് മുൻപ് പ്രസ് സെക്രട്ടറിയുടെ പ്രതികരണം ശ്രദ്ധനേടി

‘ഇന്ന് വെടിയുണ്ടകൾ പായുന്നതു കാണാം’: വെടിവയ്പ്പിന് മുൻപ് പ്രസ് സെക്രട്ടറിയുടെ പ്രതികരണം ശ്രദ്ധനേടി

വാഷിങ്ടൻ:യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുത്ത പരിപാടിയിൽ വെടിവയ്പ്പ് ഉണ്ടാകുന്നതിനു മുൻപ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് നടത്തിയ പരാമർശങ്ങൾ വൈറൽ. ‘ഇന്ന് രാത്രി വെടിയുണ്ടകൾ പായുന്നതു കാണാം’ എന്നായിരുന്നു കരോലിൻ ഫോക്സ് ന്യൂസ് ചാനൽ പ്രതിനിധിയോട് തമാശയായി പറഞ്ഞത്. തൊട്ടുപിന്നാലെ വെടിവയ്പ്പ് നടന്നതോടെയാണ് പ്രതികരണം ശ്രദ്ധനേടിയത്.

ട്രംപിന്റെ ആവേശകരമായ പ്രസംഗ ശൈലിയെ ഉദ്ദേശിച്ചാണ് ‘വെടിയുണ്ടകൾ പായുന്നതു കാണാം’ എന്ന പ്രയോഗം കരോലിൻ നടത്തിയത്. ചിലരെ ലക്ഷ്യം വച്ചുള്ള പ്രസംഗം ഉണ്ടാകുമെന്നാണ് ലെവിറ്റ് ഉദ്ദേശിച്ചത്. ‘ഇന്നത്തെ പ്രസംഗം ക്ലാസിക് ഡൊണാൾഡ് ജെ ട്രംപ് ശൈലിയിലുള്ള ഒന്നായിരിക്കും. അത് രസകരവും ആസ്വാദ്യകരവുമായിരിക്കും. ഹാളിൽ ഇന്ന് രാത്രി വെടിയുണ്ടകൾ പായുന്നതു കാണാം. അതിനാൽ എല്ലാവരും പ്രസംഗം കേൾക്കണം’– ലെവിറ്റ് പറഞ്ഞു. പ്രസംഗം എഴുതിയത് ആരാണെന്ന ചോദ്യത്തിന്, ട്രംപ് സ്വന്തം കൈപ്പടയിലാണ് അത് എഴുതിയതെന്നും ഇതിന്റെ ക്രെഡിറ്റ് തനിക്കല്ലെന്നും ലെവിറ്റ് മറുപടി നൽകി.

വൈറ്റ് ഹൗസ് മാധ്യമപ്രവർത്തകരുടെ അസോസിയേഷന്റെ വാർഷിക അത്താഴ വിരുന്നിൽ ട്രംപ് പങ്കെടുക്കുമ്പോഴാണ് വെടിവയ്പ്പുണ്ടായത്. വിരുന്നിനിടെ പെട്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഹാളിലേക്ക് ഇരച്ചുകയറി. എല്ലാവരോടും താഴെ കിടക്കാൻ നിർദേശിച്ചു. ട്രംപിനെ വേദിയിൽ നിന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. 31കാരനായ കോൾ തോമസ് അലൻ ആണ് ആക്രമണം നടത്തിയത്. ഒരു സീക്രട്ട് സർവീസ് ഏജന്റിന് പരുക്കേറ്റു. ട്രംപ്, മെലാനിയ, വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് എന്നിവരുൾപ്പെടെയുള്ളവർ വേദിയിൽ ഉണ്ടായിരുന്നപ്പോഴാണ് വെടിവയ്പ്പ് നടന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments