Friday, April 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeLatest newsകോൺഗ്രസ് പുനഃസംഘടനയ്ക്ക് ഏഴംഗ ഉപസമിതി

കോൺഗ്രസ് പുനഃസംഘടനയ്ക്ക് ഏഴംഗ ഉപസമിതി

തിരുവനന്തപുരം: കോൺഗ്രസ് പുനസംഘടന പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ എ-ഐ ഗ്രൂപ്പുകളുടെ പ്രതിനിധികളെ കൂടി ഉൾപ്പെടുത്തി ഏഴംഗ സമിതിക്കു കെപിസിസി രൂപം നൽകി.

വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ് എംപി, ടി.സിദ്ദീഖ് എംഎൽഎ, മുൻ മന്ത്രി കെ.സി. ജോസഫ്, എ. പി. അനിൽ കുമാർ എംഎൽഎ, മുൻ എംഎൽഎ ജോസഫ് വാഴയ്ക്കൻ, രാഷ്ട്രീയകാര്യ സമിതി അംഗം എം. ലിജു, കെപിസിസി ജനറൽ സെക്രട്ടറി കെ. ജയന്ത് എന്നിവരാണ് സമിതി അംഗങ്ങൾ.

ഡിസിസി, ബ്ലോക്ക് പുനഃസംഘടനാ നടപടികളിൽ നേതൃത്വം ഏകപക്ഷീയമായി പ്രവർത്തിക്കുന്നുവെന്ന് ആരോപിച്ച ഗ്രൂപ്പുകൾ തങ്ങൾക്കു കൂടി പ്രാതിനിധ്യമുള്ള സമിതിക്കു കോൺഗ്രസ് ഹൈക്കമാൻഡിൽ സമ്മർദ്ദം ചെലുത്തിയതിനെ തുടർന്നാണ് ഇതു നിലവിൽ വന്നത്. സമിതി വന്നതോടെ പുനഃസംഘടനയോടു മുഖം തിരിച്ച ഗ്രൂപ്പുകൾ അതിനോടു സഹകരിക്കാൻ തീരുമാനിച്ചു. ജില്ലാതല പുനഃസംഘടനാ സമിതിക്ക് അവർ പേരുകൾ നൽകും. ഈ ജില്ലാതല സമിതികൾ നൽകുന്ന പേരുകൾ ക്രോഡീകരിച്ച അന്തിമ കരടുപട്ടികയ്ക്കു രൂപം നൽകുകയാണു സംസ്ഥാനതല ഉപസമിതിയുടെ കർത്തവ്യം.

കെപിസിസി ഭാരവാഹികളെ ഉൾപ്പെടുത്തി സമിതി രൂപീകരിക്കാനാണു പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി. ഡി. സതീശനും ആദ്യം തീരുമാനിച്ചത്. ഇതു പ്രകാരം എ-ഐ വിഭാഗങ്ങളോടു പേരുകൾ ചോദിച്ചെങ്കിലും ഭാരവാഹികളെ ആരെയും തങ്ങൾക്കു പറയാനില്ലെന്നു രമേശ് ചെന്നിത്തലയും എം. എം. ഹസനും മറുപടി നൽകി. പകരം എ വിഭാഗത്തിലെ പ്രമുഖ നേതാവ് കെ. സി. ജോസഫിന്റെയും രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായ ജോസഫ് വാഴയ്ക്കനെയും നിർദേശിച്ചു.

ഗ്രൂപ്പുകളെയും അവരുടെ വിലപേശലിനേയും അംഗീകരിക്കില്ലെന്ന നിലപാട് എടുത്തുവന്ന പുതിയ നേതൃത്വം ഈ നടപടിയിലൂടെ ഇരുവിഭാഗങ്ങളെയും മാനിക്കാൻ നിർബന്ധിതരായി. അതേ സമയം ഗ്രൂപ്പുകൾക്കു സമിതിയിൽ മുൻതൂക്കം ഇല്ലെന്നും ഉറപ്പു വരുത്തി. വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിലും സിദ്ദീഖും സ്വതന്ത്ര നിലപാടാണ് എടുക്കുന്നത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ നോമിനിയാണ് എ.പി.അനിൽകുമാർ. ലിജുവും ജയന്തും സുധാകരന്റെ വിശ്വസ്തരാണ്. ആറംഗ സമിതി എന്ന ആദ്യതീരുമാനം ഏഴാക്കി സുധാകരൻ ഉയർത്തിയതും ഈ രണ്ടുപേരും സമിതിയിൽ ഉണ്ടാകണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. സമിതിയുടെ ഈ ഘടന സംബന്ധിച്ചു ഗ്രൂപ്പു കൾക്ക് അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും സമിതി എന്ന ആവശ്യം അംഗീകരിച്ചതിനാൽ അതിന്റെ പേരിൽ എതിർക്കില്ല.

ജില്ലാതല ഉപസമിതികൾ സമർപ്പിച്ച പട്ടിക പരിശോധിച്ചു 10 ദിവസത്തിനുള്ളിൽ കൈമാറാൻ ഉപസമിതിയോടു കെപിസിസി പ്രസിഡന്റ് നിർദേശിച്ചതായി കെപിസിസി ജനറൽ സെക്രട്ടറി ടി. യു. രാധാകൃഷ്ണൻ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments