സണ്ണി കല്ലൂപ്പാറ
ന്യൂയോർക്ക്: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് റീജിയണിന്റെ ആഭിമുഖ്യത്തിൽ മോസ്റ്റ് റവ. ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തയ്ക്ക് ഊഷ്മളമായ സ്വീകരണവും സ്നേഹവിരുന്നും ന്യൂയോർക്കിലെ ദി ഇൻ അറ്റ് ന്യൂ ഹൈഡ് പാർക്കിൽ സംഘടിപ്പിച്ചു. നോർത്ത് ഈസ്റ്റ് റീജിയണിലെ വിവിധ ഇടവകകളിൽ നിന്നുള്ള വൈദികർ, സഭാനേതാക്കൾ, വിശ്വാസികൾ എന്നിവർ പങ്കെടുത്ത സമ്മേളനം ആത്മീയ കൂട്ടായ്മയ്ക്കും സഭയുടെ ദൗത്യത്തെക്കുറിച്ചുള്ള ചിന്തകൾ പങ്കുവെക്കുന്നതിനും വേദിയായി.

ഉദ്ഘാടന സന്ദേശത്തിൽ മാർത്തോമ്മാ സഭയുടെ സമകാലിക ദൗത്യവും സ്വത്വവും വിശദീകരിച്ച മെത്രാപ്പോലീത്ത, സഭയെ വെറുമൊരു ആഗോള പ്രവാസി സമൂഹമായി മാത്രം കാണാനാവില്ലെന്ന് ചൂണ്ടിക്കാട്ടി. “മാർത്തോമ്മാ സമൂഹം ഒരു പ്രവാസി സമൂഹം എന്നതിലുപരി, ക്രിസ്തുവിന് സാക്ഷ്യം വഹിക്കുന്നതും ഏവരെയും സ്വാഗതം ചെയ്യുന്നതുമായ സഭയാണ്,” എന്ന് മെത്രാപ്പോലീത്ത പറഞ്ഞു.
ക്രിസ്തുവിന്റെ സ്നേഹവും കരുണയും ജീവിതത്തിലൂടെ പ്രകടമാക്കുന്ന സാക്ഷികളാകാൻ വിശ്വാസികളെ മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു. പശ്ചാത്തലമോ സാഹചര്യങ്ങളോ പരിഗണിക്കാതെ എല്ലാവരെയും സ്വീകരിക്കുകയും ദൈവസ്നേഹം അനുഭവിക്കാൻ ഇടവകകൾ തുറന്ന സമൂഹങ്ങളായി മാറുകയും വേണമെന്ന് മെത്രാപ്പോലീത്ത ഓർമ്മിപ്പിച്ചു.

വടക്കേ അമേരിക്കയിലെയും ലോകമെമ്പാടുമുള്ള സഭയുടെ ദൗത്യത്തെക്കുറിച്ച് പരാമർശിച്ച മെത്രാപ്പോലീത്ത, ആത്മീയ പൈതൃകം സംരക്ഷിക്കുന്നതോടൊപ്പം സമൂഹവുമായി സജീവമായി ഇടപെടേണ്ട ഉത്തരവാദിത്വം സഭയ്ക്കുണ്ടെന്ന് പറഞ്ഞു. സ്വന്തം അംഗങ്ങളെ മാത്രം പരിപാലിക്കുന്നതിലല്ല, സുവിശേഷപ്രഘോഷണത്തിലൂടെയും കാരുണ്യപ്രവർത്തനങ്ങളിലൂടെയും ക്രിസ്തുവിന്റെ സ്നേഹവും പ്രത്യാശയും ലോകത്തിലേക്ക് പകരുന്ന സഭയായിരിക്കണം മാർത്തോമ്മാ സഭയെന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു.
യുവജനങ്ങളുടെ ആത്മീയ വളർച്ചയും സഭയുടെ ഭാവി ശുശ്രൂഷകളിലെ നേതൃത്വവും മാർത്തോമ്മാ സഭയുടെ പ്രധാന മുൻഗണനകളിലൊന്നാണെന്ന് മെത്രാപ്പോലീത്ത പറഞ്ഞു. വിശ്വാസത്തിൽ വേരൂന്നിയ യുവതലമുറയെ വളർത്തിയെടുക്കാൻ ഇടവകകളും കുടുംബങ്ങളും ഒരുമിച്ച് പ്രവർത്തിക്കണമെന്നും, ആരാധന, സുവിശേഷ പ്രവർത്തനം, സാമൂഹിക പ്രതിബദ്ധത, നേതൃത്വപരിശീലനം എന്നിവയിൽ യുവജനങ്ങളുടെ സജീവ പങ്കാളിത്തം സഭയുടെ വളർച്ചയ്ക്ക് അനിവാര്യമാണെന്നും മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. യുവജനങ്ങൾക്ക് അവരുടെ ദൈവവിളി തിരിച്ചറിയാനും സഭയുടെയും സമൂഹത്തിന്റെയും പരിവർത്തനത്തിന് ക്രിസ്തുവിന്റെ സാക്ഷികളായി മാറാനും അവസരങ്ങൾ സൃഷ്ടിക്കേണ്ടത് ഓരോ ഇടവകയുടെയും ഉത്തരവാദിത്തമാണെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

ചടങ്ങിൽ മെത്രാപ്പോലീത്തയുടെ ആത്മകഥയായ “An Anointed Life” പ്രകാശനം ചെയ്തു. നോർത്ത് ഈസ്റ്റ് റീജിയണൽ ആക്റ്റിവിറ്റി കമ്മിറ്റി (NERAC) പ്രസിഡന്റും ഭദ്രാസനാധിപനുമായ റൈറ്റ് റവ. ഡോ. അബ്രാഹം മാർ പൗലോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. ഭദ്രാസന സെക്രട്ടറി റവ. ജോയൽ എസ്. തോമസ് പ്രാരംഭ പ്രാർത്ഥന നടത്തി. NERAC വൈസ് പ്രസിഡന്റ് റവ. ബിജു പി. സൈമൺ സ്വാഗതവും സെക്രട്ടറി ജേക്കബ് ചാക്കോ നന്ദിയും രേഖപ്പെടുത്തി.
വിവിധ ഇടവകകളെ ആദരിക്കുകയും സമ്മേളനത്തിന്റെ വിജയത്തിനായി സഹകരിച്ച സ്പോൺസർമാരെ അനുമോദിക്കുകയും ചെയ്തു. പ്രാർത്ഥനയും സൗഹൃദസംഗമവും സ്നേഹവിരുന്നും കൊണ്ട് സമ്പന്നമായ സമ്മേളനം നോർത്ത് ഈസ്റ്റ് റീജിയണിലെ ഇടവകകൾ തമ്മിലുള്ള ഐക്യവും സഹോദര്യബന്ധവും കൂടുതൽ ദൃഢമാക്കി.
സഭയുടെ വളർച്ചയ്ക്കും ദൗത്യനിർവഹണത്തിനുമായി പ്രാർത്ഥിച്ചുകൊണ്ടും, സുവിശേഷത്തിന് വിശ്വസ്തമായി സാക്ഷ്യം വഹിക്കുകയും എല്ലാവരെയും ദൈവസ്നേഹത്തിലേക്ക് സ്വാഗതം ചെയ്യുന്ന ജീവസ്സുറ്റ ക്രൈസ്തവ സമൂഹമായി നിലകൊള്ളുമെന്ന പ്രതിജ്ഞ പുതുക്കിക്കൊണ്ടും സമ്മേളനം സമാപിച്ചു.
Leave a Comment
Your comment will be visible after admin approval.