പി പി ചെറിയാൻ
ന്യൂയോർക്ക്: മാൻഹാട്ടനിൽ നിന്ന് സ്റ്റാറ്റൻ ഐലൻഡിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്തിയ കേസിൽ റിട്ടയേർഡ് എൻ.വൈ.പി.ഡി ഡിറ്റക്ടീവ് ഉൾപ്പെടെ നാലുപേർ പിടിയിൽ.
ഷാന്റ സാവിയർ (44) ആണ് സംഘത്തിന്റെ മുഖ്യ സൂത്രധാരനെന്ന് അധികൃതർ വ്യക്തമാക്കി. സാവിയറിന്റെ ഭാര്യ സോഫിയ അബിനാസർ (37), മൈക്കൽ ജിയോർഡാനോ (35), റിട്ടയേർഡ് ഡിറ്റക്ടീവ് ഫിലിപ്പ് പിയട്രുണ്ടി (60) എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. ആറുമാസം നീണ്ട രഹസ്യാന്വേഷണത്തിനും ഫോൺ ചോർത്തലിനും ഒടുവിലാണ് പ്രതികളെ പിടികൂടിയത്.
പ്രതികളുടെ വീടുകളിൽ നടത്തിയ റെയ്ഡിൽ വൻതോതിൽ ഫെന്റനിൽ, ഹെറോയിൻ, ക്രാക്ക് കൊക്കെയ്ൻ എന്നിവയും വ്യാജ മരുന്ന് നിർമ്മാണ യന്ത്രവും പിടിച്ചെടുത്തു. ഇതിനുപുറമെ, റിട്ടയേർഡ് ഉദ്യോഗസ്ഥനായ ഫിലിപ്പ് പിയട്രുണ്ടിയുടെ വീട്ടിൽ നിന്ന് ലൈസൻസില്ലാത്ത 13 തോക്കുകളും കണ്ടെത്തിയിട്ടുണ്ട്.
മാൻഹാട്ടൻ ക്രിമിനൽ കോടതിയിൽ ഹാജരാക്കിയ പ്രതികളിൽ ഷാന്റ സാവിയറിന് 250,000 ഡോളറും പിയട്രുണ്ടിക്ക് 100,000 ഡോളറും കോടതി ജാമ്യത്തുക വിധിച്ചു. മറ്റു രണ്ടുപേരെ ജാമ്യത്തിൽ വിട്ടയച്ചു. പൊതുസുരക്ഷയെ ഗുരുതരമായി ബാധിക്കുന്നതായിരുന്നു ഈ മയക്കുമരുന്ന് മാഫിയയുടെ പ്രവർത്തനമെന്ന് അധികൃതർ അറിയിച്ചു.
Leave a Comment
Your comment will be visible after admin approval.