പി.പി ചെറിയാൻ
ടെക്സസ് : ടെക്സസിൽ മൂന്ന് സുഹൃത്തുക്കളുടെ ജീവൻ രക്ഷിക്കുന്നതിനിടെ ഇന്ത്യൻ വിദ്യാർത്ഥി മുങ്ങിമരിച്ചു. ഹൈദരാബാദ് സ്വദേശിയും യൂണിവേഴ്സിറ്റി ഓഫ് നോർത്ത് ടെക്സസിലെ ബിരുദധാരിയുമായ അനുരൂപ് റെഡ്ഡി കോഡുരു (22) ആണ് മരണപ്പെട്ടത്. ടെക്സസ്-ലൂസിയാന അതിർത്തിയിലെ ടോളിഡോ ബെൻഡ് റിസർവോയറിലായിരുന്നു അപകടം.
സുഹൃത്തുക്കളോടൊപ്പം പോയ അനുരൂപ്, മീൻപിടുത്തത്തിനിടെ വെള്ളത്തിൽ വീണുപോയ മൂന്ന് കൂട്ടുകാരെയും സാഹസികമായി രക്ഷപെടുത്തി. മികച്ച നീന്തൽതാരമായിരുന്ന അനുരൂപ് എല്ലാവരെയും കരയ്ക്കെത്തിച്ചെങ്കിലും, കാലുകൾ വെള്ളത്തിനടിയിലെ മീൻവലയിലോ കമ്പിയിലോ കുടുങ്ങിപ്പോയതിനെ തുടർന്ന് വെള്ളത്തിന് താഴേക്ക് താഴ്ന്നുപോവുകയായിരുന്നു. പിന്നീട് 20 അടി താഴ്ചയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.
പഠനത്തിൽ മിടുക്കനായിരുന്ന അനുരൂപിന് അടുത്തിടെയാണ് അമേരിക്കയിൽ ജോലി ലഭിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾക്കായി ഹൂസ്റ്റണിലെ ഇന്ത്യൻ കോൺസുലേറ്റ് കുടുംബവുമായും പ്രാദേശിക അധികൃതരുമായും ബന്ധപ്പെട്ടുവരികയാണ്.
Leave a Comment
Your comment will be visible after admin approval.