നേപ്യിഡോ: മ്യാൻമറിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ ബുദ്ധവിഹാരവും ധ്യാനകേന്ദ്രവും തകർന്നു. അപകടത്തിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ 14 സിവിലിയന്മാർ കൊല്ലപ്പെട്ടു. ഇരുപതോളം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സഗയിങ് പ്രവിശ്യയിലെ സ്വെൽ ലേ ഓ ഗ്രാമത്തിലാണ് വ്യോമാക്രമണം
രാവിലെ ഒൻപത് മണിയോടെയായിരുന്നു ആക്രമണം. നൂറിലധികം വിശ്വാസികൾ ഒരാഴ്ച നീളുന്ന ധ്യാനച്ചടങ്ങുകളിൽ പങ്കെടുക്കവെയാണ് പ്രദേശം ലക്ഷ്യമിട്ട് സൈനിക വിമാനം ബോംബ് വർഷിച്ചത്. വിഹാരത്തിന്റെ കോമ്പൗണ്ടിനുള്ളിലേക്ക് നേരിട്ട് പതിച്ച ബോംബിന് പുറമെ, മിനിറ്റുകളുടെ വ്യത്യാസത്തിൽ അടുത്തടുത്തുള്ള ജനവാസ മേഖലയിലേക്കും സൈന്യം ബോംബ് വർഷിച്ചു. രണ്ടാമത്തെ ബോംബ് വീണ് സമീപത്തെ ഒരു വീട് പൂർണ്ണമായും തകർന്നു.
മ്യാജുങ് ടൗൺഷിപ്പ് സിവിൽ ഡിഫൻസ് വക്താവാണ് മരണവിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. ജനാധിപത്യ അനുകൂലികളേയും സായുധ ഗോത്ര വിഭാഗങ്ങളേയും അമർച്ച ചെയ്യുകയെന്ന പേരിൽ മ്യാൻമർ ഭരണകൂടം നിരന്തരം നടത്തുന്ന അതിക്രമങ്ങളുടെ തുടർച്ചയാണിത്. വിമത വേട്ടയുടെ മറവിൽ സാധാരണക്കാരുടെ ജീവനെടുക്കുന്ന സൈനിക നടപടിക്കെതിരെ മനുഷ്യാവകാശ സംഘടനകളും അന്താരാഷ്ട്ര തലത്തിൽ ശക്തമായ പ്രതിഷേധം ഉയർത്തുന്നുണ്ട്. 2021-ൽ അട്ടിമറിയിലൂടെ പട്ടാളം അധികാരം പിടിച്ചെടുത്തതുമുതൽ രൂക്ഷമായ ആഭ്യന്തര കലാപത്തിനാണ് മ്യാൻമർ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.
Leave a Comment
Your comment will be visible after admin approval.