ന്യൂഡൽഹി: രാജ്യത്തെ എക്‌സ്പ്രസ് വേകളിൽ മണിക്കൂറിൽ 120 കിലോമീറ്റർവരെ വേഗത്തിൽ പോകുന്ന വാഹനങ്ങൾക്ക് അമിതവേഗത്തിന് പിഴ ഈടാക്കരുതെന്ന നിർദേശവുമായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. അമിതവേഗത്തിനുള്ള പിഴയുമായി ബന്ധപ്പെട്ട് ഉയരുന്ന ആശങ്കകളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
120 കിലോമീറ്റർ വേഗത്തിന് പുറമേ, ഇതിനെക്കാൾ 20 ശതമാനം അധികവേഗം എടുക്കുന്ന വാഹനങ്ങളെയും പിഴയിൽനിന്ന് ഒഴിവാക്കണമെന്നാണ് മന്ത്രി നൽകിയിരിക്കുന്ന നിർദേശം. എക്‌സ്പ്രസ് വേയിൽ ഇതിലും അധികം വേഗതയെടുക്കുന്ന വാഹനങ്ങൾക്ക് എതിരേമാത്രം നടപടി എടുത്താൽ മതിയെന്നാണ് അറിയിച്ചിരിക്കുന്നത്. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി സംഘടിപ്പിച്ച പരിപാടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഡൽഹി-മുംബൈ എക്‌സ്പ്രസ് വേ പോലുള്ളവയിൽ നിലവിൽ 100-നും 120-നും ഇടയിലാണ് വേഗപരിധി. ഇത്തരം എക്‌സ്പ്രസ് വേകളിൽ ഡ്രൈവർമാർക്ക് അനാവശ്യമായി ചലാനുകൾ ലഭിക്കുന്നത് ഒഴിവാക്കാനാണ് ഈ നിർദേശമെന്നാണ് മന്ത്രി പറയുന്നത്. വേഗത്തിന്റെ പേരിൽ ചിലർക്ക് റോഡിൽവെച്ച് തന്നെ നോട്ടീസുകൾ നൽകുന്നു. 120 കിലോമീറ്റർ വരെയാണ് വേഗമെങ്കിൽ നോട്ടീസു നൽകരുതെന്നും മന്ത്രി പറയുന്നു.
നിലവിൽ എക്‌സ്പ്രസ് വേകളിൽ അനുവദിച്ചിട്ടുള്ള വേഗത്തിന്റെ ഔദ്യോഗിക ഭേദഗതിയെന്ന നിലയിലല്ലെങ്കിലും, എക്‌സ്പ്രസ് വേ എൻഫോഴ്‌മെന്റിന്റെ പശ്ചാത്തലത്തിലാണ് ഗഡ്കരിയുടെ ഈ പരാമർശങ്ങൾ വന്നിട്ടുള്ളത്. 120 കിലോമീറ്റർ വേഗപരിധിയുള്ള പാതകളിൽ 20 ശതമാനം കൂടി ഇളവ് നൽകുന്നതോടെ വേഗം ഏകദേശം 144 കിലോമീറ്റർ വരും.
Leave a Comment
Your comment will be visible after admin approval.