കാഠ്മണ്ഡു : നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയം. മധ്യനേപ്പാളിലെ ഗൂർഖ ജില്ലയിൽ ബുധിഗണ്ഡകി നദിയിലുണ്ടായ അപ്രതീക്ഷിത ജലപ്രവാഹത്തിൽ നിരവധി വീടുകളും പാലങ്ങളും ഒലിച്ചുപോയി. ജലവൈദ്യുത പദ്ധതിയുടെ നിർമാണമേഖലയ്ക്കും നാശനഷ്ടമുണ്ടായി. ഞായറാഴ്ച പുലർച്ചെയുണ്ടായ ദുരന്തത്തെത്തുടർന്ന് നദീതീരങ്ങളിലെ ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ അധികൃതർ നിർദേശം നൽകി. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് പ്രാഥമിക വിവരം.
ചുംനുബ്രി ഗ്രാമപ്രദേശത്താണ് പ്രളയം കൂടുതൽ നാശം വിതച്ചത്. നദിയിൽ കുത്തനെ ജലനിരപ്പുയർന്നതോടെ വീടുകളും വ്യാപാരമേഖലകളും പാലങ്ങളും വെള്ളത്തിനടിയിലായി. സല്ലേരി, ജഗത് തുടങ്ങിയ പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടമുണ്ടായതായി പ്രാദേശിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 35ലേറെ വീടുകൾക്ക് നാശമുണ്ടായതായാണ് പ്രാഥമിക കണക്ക്. നാശനഷ്ടങ്ങളുടെ പൂർണവിവരം ലഭ്യമായിട്ടില്ല.
രാവിലെ 6:30-ന് 3.66 മീറ്ററായിരുന്ന ജലനിരപ്പ് രാവിലെ 8:40 ഓടെ അപകടനിലയും കടന്ന് 8.43 മീറ്ററായി ഉയർന്നുവെന്ന് നേപ്പാളിലെ നാഷണൽ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ ആൻഡ് മാനേജ്മന്റ് അതോറിറ്റി അറിയിച്ചു. പ്രളയത്തിൽ ജലനിരപ്പ് അളക്കുന്ന കേന്ദ്രവും പാലവും തകർന്നതിനാൽ തുടർവിവരങ്ങൾ ശേഖരിക്കുന്നതിന് തടസ്സമുണ്ടായി. കനത്ത മഴയല്ല പ്രളയത്തിന് കാരണമെന്നാണ് നേപ്പാളിലെ ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ വിലയിരുത്തൽ. മണ്ണിടിച്ചിലിനെത്തുടർന്ന് നദിയുടെ ഒഴുക്ക് തടസ്സപ്പെടുകയും പിന്നീട് തടസ്സം ഒഴിവായതോടെ വെള്ളം കുത്തിയൊഴുകിയതുമാണ് പ്രളയകാരണമെന്നാണ് പ്രാഥമിക നിഗമനം.
നേപ്പാൾ സൈന്യവും പൊലീസും രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. അപകടസാധ്യതയുള്ള ജഗത് മേഖലയിൽനിന്ന് ആറുപേരെ സൈന്യം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. ജലവൈദ്യുത പദ്ധതിയിലെ 18 തൊഴിലാളികളും സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറിയതായി റിപ്പോർട്ടുകളുണ്ട്. ഗൂർഖക്ക് പുറമെ നദിയുടെ താഴ്ന്ന പ്രദേശങ്ങളിലും ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.
Leave a Comment
Your comment will be visible after admin approval.