പത്മജ വേണുഗോപാലിന് അടുത്ത മാസം ആദ്യം കോൺഗ്രസിൽ അംഗത്വം നൽകാൻ ധാരണ

Global Indian Writer · November 22, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: ബിജെപി വിട്ട പത്മജ വേണുഗോപാലിന് അടുത്ത മാസം ആദ്യം കോൺഗ്രസിൽ അംഗത്വം നൽകാൻ ധാരണയായി. ഡിസംബർ 23ന് നടക്കുന്ന കെ.കരുണാകരൻ അനുസ്മരണ ചടങ്ങിൽ പത്മജ പങ്കെടുക്കും. ഇന്നലെ ഫേസ്ബുക്കിൽ മാപ്പപേക്ഷ രേഖപ്പെടുത്തിയത് മുതിർന്ന നേതാക്കളുടെ നിർദേശപ്രകാരമാണെന്നാണ് സൂചന. ഇതോടെ പത്മജയുടെ കോൺഗ്രസ് പ്രവേശനത്തെ എതിർക്കുന്നവരുടെ അതൃപ്തിക്ക് പരിഹാരമായി എന്നാണ് വിലയിരുത്തൽ.


കെ.കരുണാകരൻ ട്രസ്റ്റ് നടത്തുന്ന പരിപാടികളിൽ പങ്കെടുത്തുകൊണ്ടായിരിക്കും പത്മജ വേണുഗോപാലിന്റെ കോൺഗ്രസിലേക്കുള്ള തിരിച്ചുവരവ്. അതിന് മുൻപ് തന്നെ കെപിസിസി ഓഫീസിൽ വെച്ച് പാർട്ടിയുടെ അംഗത്വം നൽകി അവരെ കോൺഗ്രസിലേക്ക് തിരികെ എടുക്കാനാണ് മുതിർന്ന നേതാക്കളുടെ തീരുമാനം.

ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ്, കെഎസ്‌യു, മഹിളാ കോൺഗ്രസ് നേതാക്കൾ രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. കെ.കരുണാകരന്റെ മകളുടെ കോൺഗ്രസിലേക്കുള്ള പുനഃപ്രവേശനം വിവാദ വഴികളിലൂടെ ആവരുത് എന്ന നിർബന്ധം നേതാക്കൾക്ക് ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് മാപ്പ് പറഞ്ഞ് പാർട്ടിയിലേക്ക് വരിക എന്ന നിർദേശം പത്മജയ്ക്ക് നൽകിയത്. നേതാക്കളുടെ നിർദേശം അനുസരിച്ചാണ് പത്മജ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഖേദം പ്രകടിപ്പിച്ചത്.

പത്മജയുടെ തിരിച്ചുവരവിനായി കോൺഗ്രസ് നേതൃത്വം മുൻകൂട്ടി പ്ലാൻ ചെയ്തിരുന്നു. പത്മജ തന്റെ ആഗ്രഹം ആദ്യം സഹോദരൻ കെ.മുരളീധരനോടാണ് പറഞ്ഞത്. തുടർന്ന് മുഖ്യമന്ത്രി, കെപിസിസി അധ്യക്ഷൻ എന്നിവരുമായി കെ.മുരളീധരൻ ചർച്ച നടത്തി. അവരുടെ പച്ചക്കൊടി ലഭിച്ചതിനുശേഷമാണ് പത്മജ ബിജെപി വിടുന്ന കാര്യവും കോൺഗ്രസിലേക്ക് വരാനുള്ള ആഗ്രഹവും പരസ്യമാക്കിയത്.

Share this story

Leave a Comment

Your comment will be visible after admin approval.