സി.വി ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികൾക്കും ജീവപര്യന്തം

Global Indian Writer · November 25, 2026 · 1 min read · 0 Comments · 0 Shares

കണ്ണൂര്‍: പയ്യന്നൂരിലെ സിപിഎം പ്രവര്‍ത്തകന്‍ സി.വി ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികൾക്കും ജീവപര്യന്തം കഠിന തടവ്. കേസിലെ ആദ്യ മൂന്ന് പ്രതികളായ ടി.പി ബിജു, എം. വിപിന്‍, എം. വൈശാഖ് എന്നിവരെയാണ് ജീവപര്യന്തം തടവിന് വിധിച്ചത്. തളിപ്പറമ്പ് അഡീ. സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്.


പ്രതികൾ അഞ്ച് ലക്ഷം രൂപ പിഴയൊടുക്കണമെന്നും ശിക്ഷാവിധി. മറ്റു വകുപ്പുകളിലായി അഞ്ച് വർഷം തടവും നാല് ലക്ഷം രൂപ പിഴയടക്കുകയും വേണം. തടവുശിക്ഷ പ്രത്യേകമായി അനുഭവിക്കണം. കണ്ണൂർ സെൻട്രൽ ജയിലിലാണ് തടവ് അനുഭവിക്കേണ്ടത്. ധനരാജിന്റെ കൊലപാതകം അപൂർവങ്ങളിൽ അപൂർവമായി പരിഗണിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.


വീട്ടില്‍ അതിക്രമിച്ച് കടന്നതിന് മൂന്ന് മാസവും അമ്മയെ ആക്രമിച്ചതിന് ഒരു വര്‍ഷവും ഭാര്യ, അമ്മ എന്നിവരെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയതിന് ഒരു മാസവും ആയുധം കൊണ്ട് ആക്രമിച്ചതിന് നാല് വര്‍ഷവും കൊലപാതകത്തിന് ജീവപര്യന്തം തടവുമാണ് പ്രതികള്‍ അനുഭവിക്കേണ്ടത്.

കുറ്റക്കാരായ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. കേസിൽ 16 പ്രതികളെ സംശയത്തിന്റെ ആനുകൂല്യം നല്‍കി കോടതി വെറുതെവിട്ടിരുന്നു. ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നടപടി. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ ഇരുപത് പേരാണ് കേസിലെ പ്രതികള്‍. ആകെ 20 പ്രതികളാണ് കേസിലുണ്ടായിരുന്നത്. കേസിലെ പന്ത്രണ്ടാം പ്രതി ചൂരക്കാട് ബിജു ഒരു വര്‍ഷത്തിനുശേഷം കൊല്ലപ്പെട്ടിരുന്നു.

Share this story

Leave a Comment

Your comment will be visible after admin approval.