ചെന്നൈ: പോയവർഷം സെപ്റ്റംബറിൽ നിരവധി പേരുടെ മരണത്തിന് ഇടയാക്കിയ കരൂർ ദുരന്തത്തിൽ ഡിഎംകെയെയും പൊലീസിനെയും പഴിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. ദുരന്തത്തെ ഡിഎംകെ രാഷ്ട്രീയാവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യാൻ ശ്രമിച്ചെന്നും ആൾക്കൂട്ടത്തെക്കുറിച്ചുള്ള കൃത്യമായ വിവരം നൽകുന്നതിൽ പൊലീസ് പരാജയപ്പെട്ടെന്നും വിജയ് കുറ്റപ്പെടുത്തി. ദുരന്തത്തിന് ഒമ്പത് മാസങ്ങൾക്ക് ശേഷം ഇന്ന് വീണ്ടും കരൂർ സന്ദർശിച്ചപ്പോഴാണ് വിജയിയുടെ പരാമർശം. അപകടത്തിൽ ജീവൻ പൊലിഞ്ഞവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി വാഗ്ദാനം ചെയ്ത മുഖ്യമന്ത്രി, തമിഴ്നാടിനെ ഉടൻ അഴിമതിമുക്താക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണവേളയിലാണ് വിജയിയുടെ രാഷ്ട്രീയ കരിയറിൽ ഒരിക്കലും മറക്കാനാവാത്ത കരൂർ ദുരന്തം സംഭവിച്ചത്. തിക്കിലും തിരക്കിലും പെട്ട് 41 ജീവനുകളാണ് അന്ന് പൊലിഞ്ഞുവീണത്.
‘ഒരാൾ ജീവിതത്തിൽ എത്രതന്നെ കുതിച്ചുയർന്നാലും, ഒരുകാലത്തും മറക്കാനാവാത്ത ചില മുറിപ്പാടുകൾ ഹൃദയത്തിൽ അവശേഷിക്കുന്നുണ്ടാകും. എന്‍റെ ഹൃദയത്തെ ആഴത്തിൽ വേദനിപ്പിച്ചുകൊണ്ടിരിക്കുന്ന ആ മുറിപ്പാടാണ് അന്ന് കരൂരിൽ സംഭവിച്ചത്’. വിജയ് സംസാരമാരംഭിച്ചു. കഴിഞ്ഞ വർഷം നടന്ന ദുരന്തത്തിൽ പൊലീസിന് സംഭവിച്ച വീഴ്ചയെ അദ്ദേഹം പ്രസംഗത്തിൽ വീണ്ടും വീണ്ടും കുറ്റപ്പെടുത്തുകയുണ്ടായി.
Leave a Comment
Your comment will be visible after admin approval.