അടൂർ പ്രകാശുമായി തനിക്ക് അടുത്ത ബന്ധം, എന്തുകൊണ്ടാണ് ഇത്തരത്തിൽ പ്രതികരിക്കുന്നതെന്ന് അറിയില്ലെന്ന് എം കെ മുനീർ

Global Indian Writer · October 2, 2026 · 1 min read · 0 Comments · 0 Shares

ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനായുള്ള നിയമനവുമായി ബന്ധപ്പെട്ട വിമർശനങ്ങളിൽ പ്രതികരിച്ച് എം.കെ മുനീർ. യുഡിഎഫ് കൺവീനർ അടൂർ പ്രകാശുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നും അദ്ദേഹം എന്തുകൊണ്ടാണ് ഇത്തരത്തിൽ പ്രതികരിക്കുന്നതെന്ന് അറിയില്ലെന്നും മുനീർ പറഞ്ഞു. ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേക്കുള്ള നിയമനം സംബന്ധിച്ച് തനിക്ക് ഒന്നും ഒളിച്ചുകടത്തേണ്ടതില്ലെന്നും മുനീർ വ്യക്തമാക്കി. ഈ പദവിയുമായി ബന്ധപ്പെട്ട തീരുമാനം യുഡിഎഫ് സർക്കാർ നേരത്തെ തന്നെ എടുത്തിരുന്നതാണെന്നും നിയമനം വൈകിയതായി കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.


മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ അധ്യക്ഷനായിരുന്ന കാലത്തെ മാതൃകയിൽ കമ്മീഷന്റെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാനല്ല ഉദ്ദേശിക്കുന്നതെന്നും മുനീർ വ്യക്തമാക്കി. പൊതുജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട സംവിധാനങ്ങൾ ഒരുക്കുന്നതിനാവശ്യമായ ഇടപെടലുകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഭരണനിർവഹണം, ചട്ടങ്ങളുടെ ഭേദഗതി, വികേന്ദ്രീകരണം തുടങ്ങിയ വിഷയങ്ങൾ പഠിച്ച് ശുപാർശകൾ നൽകുകയാണ് കമ്മീഷന്റെ ചുമതല.

അതേസമയം, നിയമനത്തിനെതിരെ ബിജെപി ഉന്നയിച്ച ആരോപണങ്ങളെയും മുനീർ തള്ളി. സാമുദായിക ധ്രുവീകരണം ലക്ഷ്യമിടുന്നവരാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

Share this story

Leave a Comment

Your comment will be visible after admin approval.