മദ്യപിക്കാൻ പണം നൽകാത്തതിനെത്തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. മദ്യത്തിനടിമയായ യുവാവാണ് ക്രൂരകൃത്യം നടത്തിതെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്തു. ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ എൽബിഎസ് നഗറിലാണ് സംഭവം. ദമ്പതികളുടെ വീട്ടിൽവെച്ചാണ് കൃത്യം നടന്നത്. മദ്യപിക്കാൻ പണം ലഭിക്കാതെ വന്നതോടെ ഭർത്താവ് യുവതിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
നീരജ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കളിപ്പാട്ട വിൽപ്പനക്കാരിയാണ് ഇവർ. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഇവരുടെ ഭർത്താവ് ദുർഗ റാവു നീരജയോട് മദ്യം വാങ്ങാൻ പണം ആവശ്യപ്പെടുകയായിരുന്നു. എന്നാൽ യുവതി ഇത് നിഷേധിച്ചതോടെ ദേഷ്യം വന്ന യുവാവ് കത്തിയെടുത്ത് വെട്ടുകയായിരുന്നെന്നാണ് റിപ്പോർട്ട്. ഗുരുതരമായി പരിക്കേറ്റ ഇവർ മരണത്തിന് കീഴടങ്ങുകയും ചെയ്തു.
സംഭവത്തിന് പിന്നാലെ റാവു വീട്ടിൽ നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു. സംഭവം അറിഞ്ഞ പോലീസ് സ്ഥലത്തെത്തിയപ്പോൾ രക്തത്തിൽ കുളിച്ച് കിടക്കുന്ന യുവതിയുടെ മൃതശരീരമാണ് കണ്ടത്. കൊവിഡ് മഹാമാരിയെയും ലോക്ക് ഡൗണിനെയും തുടർന്ന് കുടുംബം വളരെയേറെ ബുദ്ധിമുട്ടിലായിരുന്നു. ഈ സമയത്താണ് ഭർത്താവ് മദ്യപിക്കാൻ പണം ചോദിച്ചത്. നീരജ അത് നൽകാൻ വിസമ്മതിക്കുന്നതെന്നുമാണ് റിപ്പോർട്ട്.