കഴിഞ്ഞ വർഷം റിലീസിന് എത്തി ഇന്ത്യൻ സിനിമാലോകത്ത് ഏറെ ചർച്ചകൾക്ക് വഴിവച്ച സിനിമയാണ് ‘ദ കശ്മീർ ഫയൽസ്’. വിവേക് അഗ്നിഹോത്രിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം പ്രേക്ഷക- നിരൂപക പ്രശംസകൾ നേടുന്നതിനൊപ്പം ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ഇപ്പോഴിതാ ചിത്രം വീണ്ടും റിലീസിന് എത്തുന്നുവെന്ന വിവരം പങ്കുവയ്ക്കുകയാണ് വിവേക് അഗ്നിഹോത്രി.
ജനുവരി 19നാണ് ‘ദ കശ്മീർ ഫയൽസ്’ വീണ്ടും റിലീസിന് എത്തുന്നത്. തിയറ്ററില്‍ സിനിമ കാണാന്‍ കഴിയാതിരുന്നവര്‍ക്ക് അവസരമൊരുക്കുകയാണ് ലക്ഷ്യമെന്ന് റിലീസ് പ്രഖ്യാപിച്ചു കൊണ്ട് വിവേക് അഗ്നിഹോത്രി പറഞ്ഞു. ബോളിവുഡിലെ സൂപ്പർതാര റിലീസ് ആയ ‘പഠാന്റെ’ റിലീസിന് ഒരാഴ്ച മുന്നെയാണ് കാശ്മീര്‍ ഫയല്‍സ് പ്രദര്‍ശിപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞ വർഷം മാർച്ചിൽ ആയിരുന്നു കശ്മീർ ഫയൽസ് തിയറ്ററുകളിൽ എത്തിയത്. കശ്‍മിരി പണ്ഡിറ്റുകളുടെ പലായനത്തിന്‍റെ കഥ പറഞ്ഞ ചിത്രം രാജ്യമൊട്ടാകെ 630 തിയറ്ററുകളില്‍ മാത്രമായിരുന്നു റിലീസിന് എത്തിയത്. എന്നാൽ വിതരണക്കാരെയും അണിയറ പ്രവർത്തകരെയും അമ്പരപ്പിച്ച് കൊണ്ട് മികച്ച കളക്ഷൻ ചിത്രം നേടുകയായിരുന്നു. തുടർന്ന് തിയറ്റര്‍ ഉടമകളുടെ ആവശ്യപ്രകാരം ചിത്രത്തിന്റെ സ്ക്രീന്‍ കൗണ്ട് 2000ത്തിലേക്ക് വർദ്ധിപ്പിച്ചു. രണ്ടാം വാരത്തിൽ ഇത് 4000 ആയിരുന്നു. മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്‍തവ, മൃണാൽ കുൽക്കർണി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്.
ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന പഠാന്‍ ജനുവരി 25നാണ് തിയറ്ററുകളില്‍ എത്തുക. ദീപിക പദുക്കോൺ ആണ് നായിക. ജോണ്‍ എബ്രഹാം, ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന പഠാന്‍ സംവിധാനം ചെയ്യുന്നത് സിദ്ധാര്‍ഥ് ആനന്ദ് ആണ്.