Wednesday, May 8, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsതാലിബാന്റെ സ്ത്രീവിരുദ്ധ നടപടികള്‍ക്ക് എതിരെ വിമര്‍ശനം ഉയര്‍യ അഫ്ഗാന്‍ പാര്‍ലമെന്റിലെ മുന്‍ വനിതാ അംഗത്തെ വെടിവെച്ചുകൊന്നു

താലിബാന്റെ സ്ത്രീവിരുദ്ധ നടപടികള്‍ക്ക് എതിരെ വിമര്‍ശനം ഉയര്‍യ അഫ്ഗാന്‍ പാര്‍ലമെന്റിലെ മുന്‍ വനിതാ അംഗത്തെ വെടിവെച്ചുകൊന്നു

താലിബാന്റെ സ്ത്രീവിരുദ്ധ നടപടികള്‍ക്ക് എതിരെ വിമര്‍ശനം ഉയര്‍ത്തി വാര്‍ത്തകളില്‍ നിറഞ്ഞ അഫ്ഗാന്‍ പാര്‍ലമെന്റിലെ മുന്‍ വനിതാ അംഗത്തെ വെടിവെച്ചുകൊന്നു. പുലര്‍ച്ചെയാണ് ഇവര്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ അംഗരക്ഷകരില്‍ ഒരാളും വെടിയേറ്റു മരിച്ചു. ആക്രമണത്തില്‍ മറ്റൊരു അംഗരക്ഷകനും ഇവരുടെ സഹോദരനും പരിക്കേറ്റതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. താലിബാന്റെ കീഴിലുള്ള പൊലീസ് സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്യുകയോ പ്രതികളുടെ ലക്ഷ്യമെന്താണെന്ന് വ്യക്തമാക്കുകയോ ചെയ്തിട്ടില്ല. 

താലിബാന്‍ അധികാരം പിടിച്ചടക്കുന്നതിനു മുമ്പ്, 2019-ല്‍ കാബൂളില്‍നിന്നും തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച് അഫ്ഗാന്‍ പാര്‍ലമെന്റിലെത്തിയ 32-കാരിയായ മുര്‍സല്‍ നബിസാദ എന്ന മുന്‍ രാഷ്ട്രീയ നേതാവാണ് കാബൂളിലെ സ്വന്തം വീട്ടില്‍ അരുംകൊല ചെയ്യപ്പെട്ടത്. കാബൂള്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹ്യൂമന്‍ റിസോഴ്‌സസ് ഡവലപ്‌മെന്റ് ആന്റ് റിസര്‍ച്ച് എന്ന സന്നദ്ധ സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന മുര്‍സല്‍ നബിസാദ ഈയിടെ താലിബാനെതിരായി പരസ്യമായി ടിവി ചാനലിനോട് സംസാരിച്ചതിലൂടെ ശ്രദ്ധ നേടിയിരുന്നു. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന താലിബാന്റെ നടപടിക്ക് എതിരായാണ് ഇവര്‍ ചാനലിനു മുന്നില്‍ സംസാരിച്ചത്. ഇതിനെതിരെ താലിബാന്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. അതിനു പിന്നാലെയാണ്, സ്വന്തം വീട്ടില്‍ ദുരൂഹമായ സാഹചര്യത്തില്‍ ഇവര്‍ കൊല്ലപ്പെട്ടത്. 

താലിബാന്‍ അഫ്ഗാനിസ്താന്‍ പിടിച്ചടക്കിയതിനെ തുടര്‍ന്ന് നിരവധി മുന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ വിദേശരാജ്യങ്ങളിലേക്ക് രക്ഷപ്പെട്ടിരുന്നു. അഫ്ഗാനിസ്താന്‍ പാര്‍ലമെന്റിലെ പ്രതിരോധ ഉപസമിതിയിലെ അംഗം കൂടിയായിരുന്ന മുര്‍സല്‍ നബിസാദ എന്നാല്‍, രാജ്യം വിടാന്‍ തയ്യാറായില്ല. താലിബാന്‍ ഭരണകാലത്ത്, സന്നദ്ധ സംഘടനാ പ്രവര്‍ത്തനവുമായി കഴിഞ്ഞുകൂടുകയായിരുന്നു ഇവര്‍. ഭീഷണികള്‍ ഉള്ളതിനാല്‍, അംഗരക്ഷകര്‍ക്കൊപ്പമായിരുന്നു ഇവര്‍ കഴിഞ്ഞിരുന്നത്. എന്നാല്‍, ഇവരുടെ വീട്ടില്‍ വെച്ച് അംഗരക്ഷകരെ ആക്രമിച്ചശേഷം മുര്‍സല്‍ നബിസാദയെ വെടിവെച്ചു കൊല്ലുകയായിരുന്നു. ആക്രമണം ചെറുത്തു നിന്ന ഇവരുടെ സഹോദരനും വെടിയേറ്റു. 

സംഭവത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ലെന്ന് താലിബാന്റെ നിയന്ത്രണത്തിലുള്ള അഫ്ഗാന്‍ പൊലീസ് അറിയിച്ചു. കൊലപാതകത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ലെന്നും പൊലീസ് വക്താവ് പറഞ്ഞു. എന്നാല്‍, മൂന്നാമതൊരു അംഗരക്ഷകന്‍ കൂടി ഇവര്‍ക്കുണ്ടായിരുന്നുവെന്നും വിലപിടിപ്പുള്ള ആഭരണങ്ങള്‍ കവര്‍ന്ന ശേഷം ഇയാള്‍ കടന്നുകളഞ്ഞുവെന്നാണ് അറിയുന്നതെന്നും കൂടി പൊലീസ് പറയുന്നുണ്ട്. മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാണ് ഇതെന്നാണ് നിലവില്‍ അഫ്ഗാന്‍ പൊലീസ് നല്‍കുന്ന സൂചന. 

അഫ്ഗാനിസ്താനിലെ ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരവാദികള്‍ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാത്ത സാഹചര്യത്തില്‍ ഈ സംഭവത്തിനു പിന്നില്‍ ആരാണെന്ന് ഇനിയും വ്യക്തമാവേണ്ടതുണ്ടന്ന് അ്ഫ്ഗാന്‍ മാധ്യമപ്രവര്‍ത്തകനായ അലി ലത്തീഫി മാധ്യമങ്ങളോട് പറഞ്ഞു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments