അഹമ്മദാബാദ്: ഇന്ത്യ-ഓസ്ട്രേലിയ നാലാം ക്രിക്കറ്റ് ടെസ്റ്റിന് അഹമ്മദാബാദില്‍ തുടക്കമായപ്പോള്‍ ആരാധകരെ കൈയിലെടുത്തത് ഇരു ടീമിലെയും താരങ്ങളല്ലായിരുന്നു. മത്സരം കാണാനെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്‍റണി ആല്‍ബനീസുമായിരുന്നു അഹമ്മദാബില്‍ ആദ്യ ദിനത്തിലെ താരങ്ങള്‍. സ്റ്റേഡിയത്തിലെത്തിയ ഇരു പ്രധാനമന്ത്രിമാരെയും കാണകള്‍ ഹര്‍ഷാരവത്തോടെയാണ് വരവേറ്റത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെത്തിയ ഇരു പ്രധാനമന്ത്രിമാരെയും ബിസിസിഐ പ്രസിഡന്‍റ് റോജര്‍ ബിന്നിയും ബിസിസിഐ സെക്രട്ടറിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകനുമായ ജയ് ഷായും ചേര്‍ന്നാണ് സ്വീകരിച്ചത്.
ടോസിന് മുന്നോടിയായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തിന് ഓസീസ് പ്രധാനമന്ത്രി ആന്‍റണി ആല്‍ബനീസും പുതിയ ടെസ്റ്റ് ക്യാപ് സമ്മാനിച്ചു. ഇതിനുശേഷം തുറന്ന വാഹനത്തില്‍ സ്റ്റേഡിയത്തെ വലം വെച്ച ഇരുവരും കാണികളെ അഭിവാദ്യം ചെയ്തു.
പിന്നീട് സ്റ്റേഡിയത്തിലെ പ്രത്യേക പവലിയന്‍ ഇരുവരും സന്ദര്‍ശിച്ചു. മുന്‍ ഇന്ത്യന്‍ താരവും കമന്‍റേറ്ററുമായ രവി ശാസ്ത്രി ഇരുവര്‍ക്കും പവലിയനിലെ ഇന്ത്യ-ഓസ്ട്രേലിയ പോരാട്ടങ്ങളുടെ ഓര്‍മകളും ചിത്രങ്ങളും വിശദീകരിച്ചുകൊടുത്തു. ഇതിനുശേഷം ഇരു ടീമിലെയും താരങ്ങളെ ഗ്രൗണ്ടില്‍ പരിചയപ്പെട്ട ഇരുപ്രധാനമന്ത്രിമാരും കളിക്കാര്‍ക്കൊപ്പം ദേശീയ ഗാനവും പാടിയാണ് വിഐപി ഗ്യാലറിയിലെത്തി മത്സരം കാണാനിരുന്നത്.
അതേസമയം, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിക്കൊപ്പം ടെസ്റ്റ് മത്സരം കാണാനുള്ള തീരുമാനത്തെ ക്രിക്കറ്റ് നയതന്ത്രമെന്ന് ബിജെപി വിശേഷിപ്പിക്കുമ്പോള്‍ സ്വന്തം പേരിലുള്ള സ്റ്റേഡിയത്തില്‍ കാണികളെ അഭിവാദ്യം ചെയ്ത് വലംവെച്ച പ്രധാനമന്ത്രിയുടെ നടപടി സ്വയം പുകഴ്ത്തലാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് ട്വീറ്റ് ചെയ്തു.
ഇന്ത്യ-ഓസ്ട്രേലിയ നാലാം ടെസ്റ്റിന് റെക്കോര്‍ഡ് കാണികളാണ് സ്റ്റേഡിയത്തിലെത്തിയത് ഒരു ലക്ഷത്തിലധികം കാണികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള സ്റ്റേഡിയത്തില്‍ ഒരു ലക്ഷത്തോളം കാണികളെത്തിയെന്നാണ് കണക്കാക്കാുന്നത്.