തിരുവനന്തപുരം: മലയാളത്തിന്റെ മഹാനടനും ഇന്ത്യൻ സിനിമയുടെ അഭിമാനവുമായ
പ്രിയങ്കരനായ
മധുവിന്റെ തൊണ്ണൂറ്റി രണ്ടാം ജന്മദിനത്തിൽ,
മലയാളികളുടെ ഏറ്റവും വലിയ ആഗോള സംഘടനകളിലൊന്നായ വേൾഡ് മലയാളി കൌൺസിൽ ജന്മദിനാശംസകൾ നേർന്നു.
സംഘടനയുടെ ഗ്ലോബൽ ഗുഡ്‌വിൽ അംബാസഡർ
ജോസ് കോലത്ത് തിരുവനന്തപുരത്തെ ഭവനത്തിലെത്തി ആശംസകൾ നേർന്ന്
മധുവിനെ പൊന്നാടയണിയിച്ചു ആദരിച്ചു. വളരെ വർഷങ്ങൾക്കു മുൻപ് അമേരിക്കയിൽ തുടക്കം കുറിച്ച് ലോകമെമ്പാടും വ്യാപിച്ച വേൾഡ് മലയാളി കൗൺസിലിന്റെ നല്ല പ്രവർത്തനങ്ങളെപ്പറ്റി ധാരാളം കേട്ടിട്ടുണ്ടെന്നും സംഘടനയുടെ തുടർന്നുള്ള പ്രവർത്തനങ്ങൾക്കു എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും മധു പറഞ്ഞു. ഈ ആദരവ് തന്നോടുള്ള സ്നേഹത്തിന്റെ പ്രതീകമായി കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം നഗരസഭാ മേയർ ആയിരുന്ന പരമേശ്വരൻ നായരുടെ മകനായി ജനിച്ച മധു, മാസ്റ്റേഴ്സ് ബിരുദമെടുത്ത ശേഷം കോളജ് അധ്യാപകനായി. പിന്നീട് ജോലി രാജിവച്ചിട്ടാണ് അഭിനയത്തോടുള്ള അഭിനിവേശത്തിൽ
നാടക/സിനിമാ രംഗത്തേക്ക് വന്നത്. 2013 ൽ പത്മശ്രീ പുരസ്‌കാരം നൽകി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു. 2004 ൽ ജെ.സി.ഡാനിയേൽ അവാർഡ് നൽകി സംസ്ഥാന സർക്കാരും അദ്ദേഹത്തെ ആദരിക്കയുണ്ടായി.
ആരോടും സൗമ്യതയോടെയുള്ള പെരുമാറ്റവും ലാളിത്യവും മധുവിന്റെ പ്രത്യേകതയാണ്. മധുവിന്റെ വീട്ടിലെ സ്വീകരണ മുറിയിൽ ഹിന്ദു ദൈവങ്ങളുടെ പടങ്ങളോടൊപ്പം യേശുക്രിസ്തുവിന്റെയും മനോഹരമായ ഒരു പടം കണ്ട് കൗതുകത്തോടെ ചോദിച്ചപ്പോൾ മനോഹരമായ ഒരു പുഞ്ചിരിയായിരുന്നു മധുവിന്റെ മറുപടി. നിഷ്കളങ്കമായ ആ പുഞ്ചിരിയിൽ, സ്നേഹത്തേക്കാൾ വലുതായി ഒന്നുമില്ല എന്ന സന്ദേശമാണ് തനിക്കു ലഭിച്ചത് എന്ന് ജോസ് കോലത്ത് പറഞ്ഞു. ഒരു പക്ഷേ, ഈ വിശാല മനോഭാവമായിരിക്കാം പ്രായം കൂടുന്തോറും മധുവിന്റെ സൗന്ദര്യവും വർധിച്ചുവരുന്നതിന്റെ രഹസ്യങ്ങളിലൊന്ന്.
ജോസ് കൂട്ടിച്ചേർത്തു
ജോസ് കോലത്തിനു ജന്മദിന മധുരം (ലഡുവും, പലഹാരങ്ങളും) നൽകി മധു സ്വീകരിച്ചു. ഭാവിയിൽ വേൾഡ് മലയാളി കൗൺസിലിന്റെ ഒരു ചടങ്ങിൽ പങ്കെടുക്കണമെന്ന് ജോസ് കോലത്ത് മധുവിനോട് അഭ്യർത്ഥിച്ചു.
ആരോഗ്യം അനുവദിക്കുന്ന പക്ഷം പങ്കെടുക്കാം എന്നായിരുന്നു മറുപടി.
ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം പോലുള്ള ഉന്നത ബഹുമതികൾ മധു ചേട്ടന് ലഭിക്കട്ടെയെന്നു ആശംസിച്ചിട്ടാണ് ജോസ് കോലത്ത് യാത്ര പറഞ്ഞത്. വേൾഡ് മലയാളി കൌൺസിൽ സാരഥികൾ :
തോമസ് മൊട്ടക്കൽ (ഗ്ലോബൽ ചെയർമാൻ), ഡോ. ബാബു സ്റ്റീഫൻ (ഗ്ലോബൽ പ്രസിഡന്റ്), കൂടാതെ ഗ്ലോബൽ നേതാക്കൾ, ജെയിംസ് കൂടൽ, ഷാജി മാത്യു, സണ്ണി വെളിയത്ത്, ടി.പി. വിജയൻ, ജോൺ സാമുവേൽ, ദിനേശ് നായർ, കണ്ണാട്ട് സുരേന്ദ്രൻ,പോൾ പാറപ്പള്ളി, വിജയചന്ദ്രൻ തുടങ്ങിയവരാണ്.
കൂടാതെ വിവിധ പ്രൊവിൻസ്, റീജിയൻ നേതാക്കളും ഗ്ലോബൽ ഫോറം ചെയർമാന്മാരും ഉൾപ്പെടുന്നു.



