പി പി ചെറിയാൻ
ന്യൂജേഴ്സി: യുഎസിലെ ന്യൂജേഴ്സിയിൽ ഒമ്പത് വയസ്സുകാരിയായ മായ തോമസിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മയും രണ്ടാനച്ഛനും അറസ്റ്റിൽ. പോൾസ്ബറോ സ്വദേശികളായ ഇന്ത്യ മില്ലർ (27), സീൻ സ്കോട്ട് (45)( India Miller, 27, and Sean Scott,45)എന്നിവരാണ് പിടിയിലായത്.
ഒക്ടോബർ 13-ന് പുലർച്ചെയാണ് സംഭവം. കുട്ടി വാഹനാപകടത്തിൽ പെട്ടെന്നായിരുന്നു ഇവർ പോലീസിൽ വിളിച്ചറിയിച്ചത്. എന്നാൽ കുട്ടിയുടെ മരണശേഷം നടത്തിയ പോസ്റ്റ്മോർട്ടത്തിലും വൈദ്യപരിശോധനയിലും വാഹനാപകടമല്ലെന്നും മർദ്ദനമേറ്റാണ് കുട്ടി മരിച്ചതെന്നും വ്യക്തമായി. കുട്ടിയുടെ വാരിയെല്ലുകൾ ഒടിഞ്ഞ നിലയിലായിരുന്നു. കൂടാതെ ശരീരത്തിൽ ഗുരുതരമായ പരിക്കുകളും കണ്ടെത്തി.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീടിനുള്ളിൽ നിന്നും രക്തക്കറകൾ കണ്ടെത്തുകയും, അപകടം നടന്നുവെന്ന് പറയുന്ന സമയത്ത് ആ പ്രദേശത്ത് വാഹനങ്ങളൊന്നും സഞ്ചരിച്ചിട്ടില്ലെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാവുകയും ചെയ്തു. കുട്ടിയുടെ നാല് വയസ്സുള്ള സഹോദരൻ നൽകിയ മൊഴിയും പ്രതികൾക്ക് കുരുക്കായി.
കൊലപാതകം, കുട്ടികൾക്കെതിരായ അതിക്രമം, പോലീസിനെ തെറ്റിധരിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്ക മേൽ ചുമത്തിയിരിക്കുന്നത്. ഇരുവരെയും സലേം കൗണ്ടി ജയിലിൽ അടച്ചു. കുട്ടിയുടെ മറ്റൊരു സഹോദരനെ ചൈൽഡ് പ്രൊട്ടക്ഷൻ സർവീസിന്റെ സംരക്ഷണത്തിലേക്ക് മാറ്റിയിട്ടുണ്ട്.
Leave a Comment
Your comment will be visible after admin approval.