മസ്‌കത്ത്: വിദേശി നിക്ഷേപകർക്കും സ്വത്തുടമകൾക്കും വലിയ ഇളവുകൾ പ്രഖ്യാപിച്ചുകൊണ്ട് ഒമാനിൽ പുതിയ റെസിഡൻസി നിയമ ഭേദഗതി പുറപ്പെടുവിച്ചു. പുതിയ നിയമപ്രകാരം യോഗ്യരായ വിദേശ പൗരന്മാർക്ക് ഒമാനി സ്പോൺസറുടെ സഹായമില്ലാതെ തന്നെ റെസിഡൻസി പെർമിറ്റുകളും വിസയും സ്വന്തമാക്കാനാകും. റോയൽ ഒമാൻ പൊലീസ് ഇൻസ്‌പെക്ടർ ജനറൽ ഹസൻ ബിൻ മൊഹ്‌സിൻ അൽ ഷുറൈഖി പുറത്തിറക്കിയ ഉത്തരവനുസരിച്ചാണ് ഈ പരിഷ്‌കാരം നടപ്പിലാക്കുന്നത്. ഒമാനിൽ കൂടുതൽ ബിസിനസ് സൗഹൃദ അന്തരീക്ഷമൊരുക്കുക, വിദേശികൾക്കായി വിസ നടപടിക്രമങ്ങൾ ലളിതമാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പുതിയ ചട്ടങ്ങൾ പ്രകാരം നിർമാണത്തിനായി അനുവദിച്ച ഭൂമിയോ രജിസ്‌ട്രേഷൻ നടപടികൾ പുരോഗമിക്കുന്ന റിയൽ എസ്റ്റേറ്റ് യൂണിറ്റുകളോ വാങ്ങുന്ന വിദേശികൾക്ക് ബന്ധപ്പെട്ട അധികാര സ്ഥാപനത്തിന്റെ സർട്ടിഫിക്കേഷൻ അടിസ്ഥാനമാക്കി സ്‌പോൺസറില്ലാതെ വിസയ്ക്കും റെസിഡൻസിക്കും അപേക്ഷിക്കാം. സ്വത്ത് ഉടമകളുടെ ജീവിതപങ്കാളികൾക്കും ഒന്നാം നിര ബന്ധുക്കൾക്കും, ഒമാനിൽ ഭൂമിയോ റിയൽ എസ്റ്റേറ്റ് യൂണിറ്റുകളോ കൈവശമുള്ള കമ്പനികളുടെ നിയമപരമായ പ്രതിനിധികൾക്കും ഈ ആനുകൂല്യം ലഭിക്കും. ആറുമാസം മുതൽ ഒരു വർഷം വരെ കാലാവധിയുള്ള ഇത്തരം വിസകൾ, സ്വത്ത് വിൽക്കുകയോ നിയമപരമായ ഇടപാടിലൂടെ കൈമാറ്റം ചെയ്യുകയോ ചെയ്താൽ വിദേശ ഉടമയുടെയും കുടുംബാംഗങ്ങളുടെയും റെസിഡൻസി അനുമതിയോടൊപ്പം സ്വമേധയാ റദ്ദാകുകയും ചെയ്യും.
Leave a Comment
Your comment will be visible after admin approval.