ഇസ്ലാമാബാദ്: പാക് അധീന കശ്മീരിലെ മുസാഫറാബാദിന് സമീപം പാകിസ്താൻ സൈന്യത്തിന്റെ ഹെലികോപ്റ്റർ തകർന്നു വീണു. ബുധനാഴ്ചയുണ്ടായ അപകടത്തിൽ ഹെലികോപ്റ്ററിലുണ്ടായിരുന്ന മുഴുവൻ സൈനികരും കൊല്ലപ്പെട്ടതായി പാക് സൈന്യം സ്ഥിരീകരിച്ചു. അപകടത്തിൽ ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് പാകിസ്താൻ മിലിട്ടറിയുടെ മാധ്യമ വിഭാഗമായ ഇന്റർ-സർവീസസ് പബ്ലിക് റിലേഷൻസ് അറിയിച്ചു. എന്നാൽ എത്രപേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നതെന്ന് സൈന്യം വ്യക്തമാക്കിയിട്ടില്ല.
റഷ്യൻ നിർമ്മിത എം.ഐ-17 ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. പറന്നുയരുന്നതിനിടെയുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന് തൊട്ടുപിന്നാലെ രക്ഷാപ്രവർത്തകരും മെഡിക്കൽ സംഘവും സംഭവസ്ഥലത്തെത്തി. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
അപകടത്തിൽ വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെട്ടതിൽ ചീഫ് ഓഫ് ഡിഫൻസ് ഫോഴ്സും ആർമി സ്റ്റാഫ് ചീഫുമായ ഫീൽഡ് മാർഷൽ ആസിം മുനീറും അനുശോചിച്ചു. സൈന്യത്തിലെ എല്ലാ ഉദ്യോഗസ്ഥരും കടുത്ത ദുഃഖം രേഖപ്പെടുത്തിയതായും മരിച്ചവരുടെ കുടുംബങ്ങളെ സർക്കാർ അനുശോചനം അറിയിച്ചതായും ഐ.എസ്.പി.ആർ പ്രസ്താവനയിൽ പറഞ്ഞു.
പാക് സൈനിക ഹെലികോപ്റ്ററുകൾ അപകടത്തിൽപ്പെടുന്നത് രാജ്യത്ത് തുടരക്കഥയാവുകയാണ്. കഴിഞ്ഞ വർഷം സെപ്റ്റംബറിലും ഗിൽജിത്-ബാൾട്ടിസ്ഥാനിലെ ദിയാമർ ജില്ലയിൽ സമാനമായ രീതിയിൽ സാങ്കേതിക തകരാറിനെ തുടർന്ന് സൈനിക ഹെലികോപ്റ്റർ തകർന്ന് അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു. അതിനു തൊട്ടുമുമ്പ്, ഓഗസ്റ്റിൽ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലുണ്ടായ മറ്റൊരു ഹെലികോപ്റ്റർ അപകടത്തിൽ രണ്ട് പൈലറ്റുമാരും മൂന്ന് ജീവനക്കാരും മരണപ്പെട്ടിരുന്നു. മോശം കാലാവസ്ഥയായിരുന്നു അന്ന് അപകടത്തിന് കാരണമായത്.
Leave a Comment
Your comment will be visible after admin approval.