വിദേശവനിതകളെ പീഡിപ്പിച്ച കേസിൽ കൊച്ചുമകൻ പ്രതി; പാകിസ്താൻ ഉപപ്രധാനമന്ത്രിയുടെ രാജിക്കായി സമ്മര്‍ദ്ദം

Global Indian Writer · July 5, 2026 · 1 min read · 0 Comments · 0 Shares

കറാച്ചി: ലാഹോറിൽ രണ്ട് വിദേശ വനിതകളെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ കൊച്ചുമകൻ മുഹമ്മദ് റാസ ദാർ പ്രതിയായതിനു പിന്നാലെ പാകിസ്താന്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഇഷാഖ് ദാറിന്‍റെ രാജിക്കായി സമ്മര്‍ദ്ദം ശക്തമാകുന്നു. ഇഷാഖ് ദാർ രാജിവെക്കണമെന്ന് സെനറ്റർ ഫൈസൽ വാവ്ദ ആവശ്യപ്പെട്ടു. വെനസ്വേല, നെതർലൻഡ്സ് സ്വദേശികളായ വനിതകൾ ജൂൺ 29നാണ് കൂട്ടബലാത്സംഗത്തിനിരയായത്. കേസുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇതിൽ ഒരാൾ ഒളിവിലാണ്. ഇഷാഖ് ദാറിന്റെ കൊച്ചുമകൻ ഉൾപ്പെടെയുള്ള പ്രതികളെ വെള്ളിയാഴ്ച ലാഹോർ കോടതി അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. റാസ ദാർ കഴിഞ്ഞ വർഷം സിംഗപ്പൂരിൽ വെച്ചാണ് ഈ വനിതകളെ പരിചയപ്പെട്ടതെന്നും ക്രിപ്‌റ്റോകറൻസിയുമായി ബന്ധപ്പെട്ട് ഇവർ പങ്കാളികളായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. പാകിസ്താന്‍ സന്ദർശനത്തിനായി ഇവർക്ക് ബിസിനസ് വിസ സംഘടിപ്പിച്ചത് റാസ ദാറാണ്.

പാകിസ്താൻ സൈനിക മേധാവികളുമായി അടുത്ത ബന്ധം പുലർത്തുന്ന സെനറ്റർ ഫൈസൽ വാവ്ദ ശനിയാഴ്ചയാണ് ഇഷാഖ് ദാറിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയത്. കേസിൽ മന്ത്രിയുടെ ബന്ധുവിനെ സംരക്ഷിക്കാൻ ഫെഡറൽ ഗവൺമെന്റും പഞ്ചാബ് പ്രവിശ്യാ സർക്കാരും ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.’പാകിസ്താൻ ഒരു കുടുംബ കോർപറേഷനെപ്പോലെയാണ് പ്രവർത്തിക്കുന്നത്’ഇഷാഖ് ദാറിനെതിരെ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തിയ സെനറ്റർ വാവ്ദ അറിയച്ചു. സംഭവത്തെ ഉദ്ധരിച്ച് ഇഷാഖ് ദാറിന്റെ കൊച്ചുമകനെ പ്രധാന പ്രതി എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

Share this story

Leave a Comment

Your comment will be visible after admin approval.