നൂറ് സീറ്റ് നേടിയ ആന്റണി ഭരണം തികച്ചില്ല; ഇ.ഡി. റെയ്ഡിൽ പാർട്ടി നൽകിയ പിന്തുണയ്ക്ക് നന്ദി- പിണറായി

Global Indian Writer · May 31, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിൽ പാർട്ടിയും മുന്നണിയും നൽകിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കടുത്ത നടപടികളുമായിട്ടാണ് കേന്ദ്രം മുന്നോട്ട് വന്നത്. എന്നാൽ എല്ലാ ഘട്ടങ്ങളേയും പോലെ പാർട്ടി ഉണർവ്വോടെ ഇടപെട്ടുവെന്നും പിന്തുണ നൽകിയെന്നും പിണറായി വിജയൻ പറഞ്ഞു. കണ്ണൂരിൽ ജന്മനാടായ മമ്പറത്ത് വെച്ച് എൽഡിഎഫ് ഒരുക്കിയ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എൽഡിഎഫ് പരാജയപ്പെടാനിടയായ കാരണങ്ങൾ എൽഡിഎഫിലെ എല്ലാ ഘടകകക്ഷികളും വിശദമായി പരിശോധിച്ചു വരുന്നുവെന്നും നൂറ് സീറ്റ് എന്നത് യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ആദ്യമായി കിട്ടുന്ന ഒന്നല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഈ സർക്കാർ അധികാരത്തിലേറുന്ന സമയത്ത്, എ.കെ. ആന്റണി ഓർമ്മിപ്പിച്ചത് നൂറ് സീറ്റ് നേടി അധികാരത്തിലേറിയ അന്നത്തെ കാര്യമാണ്. അന്ന് ആന്റണി നൂറിന്റെ ആവേശത്തിൽ വിളിച്ചു പറഞ്ഞത്, നൂറുവർഷത്തേക്ക് ഇനി എൽഡിഎഫ് കേരളത്തിൽ അധികാരത്തിൽ ഉണ്ടാകില്ല എന്നായിരുന്നു. എന്നാൽ എന്തൊക്കെ സംഭവിച്ചു എന്ന് പിന്നീട് നാം കണ്ടതാണ്. അങ്ങനെ പ്രഖ്യാപിച്ച ആന്റണിക്ക് തന്നെ ആ ഭരണം പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല. ഒരു പരാജയം കൊണ്ട് എല്ലാം അവസാനിച്ചു എന്നല്ല എൽഡിഎഫ് കാണുന്നത്”- പിണറായി വിജയൻ പറഞ്ഞു.

പിണറായിയുടെ വാക്കുകൾ:

2021 മുതൽ വലതുപക്ഷം ജനങ്ങളിൽ തെറ്റായ ചിത്രം സൃഷ്ടിക്കാനാവശ്യമായ നടപടി സ്വീകരിച്ചു. അതിൽ ഒന്നാണ് ജനാധിപത്യത്തിന്റെ സൗകുമാരികം പൂർണ്ണമായും ആസ്വദിക്കണമെങ്കിൽ ഇടയ്ക്കിടെ സർക്കാർ മാറണം എന്നത്. ഒരേ സർക്കാർ തന്നെ തുടർന്നാൽ ജനാധിപത്യത്തിന്റെ സൗന്ദര്യം നഷ്ടപ്പെടും, ഒരു മാറ്റം ആവശ്യമല്ലേ? പത്തുവർഷമായില്ലേ? എന്ന ചിന്ത വലിയ തോതിൽ ആളുകളിലേക്ക് എത്തിക്കാനുള്ള ശ്രമം നടന്നു. ഭരണം മാറട്ടെ എന്ന് ജനം വിധിച്ചു.

ഇതോടുകൂടി എല്ലാം അവസാനിച്ചുവെന്ന് വലതുപക്ഷ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതിനെ മുഖവിലക്കെടുക്കുന്നില്ല. അതിശക്തമായി എൽഡിഎഫ് തിരിച്ചുവരും. എൽഡിഎഫിലുള്ള ജനങ്ങളുടെ വിശ്വാസത്തിന് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ലെന്നാണ് എൽഡിഎഫിന്റെ വിശ്വാസം. ചിലരെ ചില കാര്യങ്ങളിൽ തെറ്റിദ്ധരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടാകും. അത് ശാശ്വതമായി നിൽക്കുന്നതല്ല. ഞങ്ങൾ ഇവിടെത്തന്നെയുണ്ട്. ജനങ്ങളുടെ കൂടെത്തന്നെയുണ്ട്. ജനങ്ങളുടെ എല്ലാ പ്രശ്നങ്ങളുടേയും ഒപ്പം ഞങ്ങളുണ്ടാകും.

ഇടതുനേതാക്കൾക്കെതിരെയുള്ള ആക്രമണം എല്ലാക്കാലത്തുമുണ്ട്. എത്രയോ കാലമായി ആക്രമണങ്ങൾക്ക് ഇരയായിക്കൊണ്ടിരിക്കുന്നു. എന്നാൽ ഒരു ഘട്ടത്തിലും അത്തരം ആക്രമണങ്ങളുടെ ഭാഗമായി എൽഡിഎഫോ സിപിഎമ്മോ ഏതെങ്കിലും തരത്തിൽ പിറകോട്ട് പോയിട്ടില്ല. ജനങ്ങളുടെ വിശ്വാസവും ജനപിന്തുണയും ഓരോ ഘട്ടത്തിലും കൂടിക്കൂടി വരികമാത്രമേ ചെയ്തിട്ടുള്ളു. അതിന്റെ കാരണം, എൽഡിഎഫിന്റെ പ്രവർത്തനവും എൽഡിഎഫിനേയും സിപിഎമ്മിനേയും പ്രതിനിധീകരിക്കുന്നവരുടെ പ്രവർത്തനവും കളങ്കരഹിതമാണ് എന്നത് കൊണ്ടാണ്. ഇത്തരത്തിലുള്ള ഏത് കടന്നാക്രമണങ്ങളേയും ഒരുമിച്ച് നിന്ന് നേരിടാനാകും. ഒരു ആശങ്കയും ആർക്കും ഉണ്ടാകേണ്ടതില്ല.

വളരെ കടുത്ത നടപടികളുമായിട്ടാണ് കേന്ദ്രം മുന്നോട്ട് വന്നത്. എല്ലാ ഘട്ടങ്ങളേയും പോലെത്തന്നെ ഈ ഘട്ടത്തിലും പാർട്ടിയും എൽഡിഎഫും നല്ല ഉണർവ്വോടെ ഇടപെടുകയും പിന്തുണ നൽകുകയും ചെയ്തിട്ടുണ്ട്. ആ പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തുന്നു. ഒരേ മനസ്സോടെ ഇനിയും മുന്നോട്ട് നീങ്ങാം- പിണറായി പറഞ്ഞു.

Share this story

Leave a Comment

Your comment will be visible after admin approval.