(എബി മക്കപ്പുഴ)
കർണാടക:മൺമറഞ്ഞുപോയ പൂർവികരുടെ ആത്മാക്കൾക്ക് ശാന്തി ലഭിക്കുന്നതിനും കുടുംബത്തെ പിടികൂടിയ നിർഭാഗ്യങ്ങൾ ഒഴിവാക്കുന്നതിനുമായി, പതിറ്റാണ്ടുകൾക്ക് മുൻപ് മരിച്ച രണ്ട് പേരുടെ വിവാഹം പ്രൗഢഗംഭീര ചടങ്ങായി നടത്തപ്പെട്ടു.
തുളുനാടിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവങ്ങളിൽ അപൂർവമായ ഒരു ആചാരമാണ് ഇതിലൂടെ വീണ്ടും വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത്.
ദക്ഷിണ കന്നഡയിലെ പുത്തൂർ മുണ്ടൂരു ഗ്രാമത്തിലാണ് ‘പ്രേത വിവാഹം’ എന്ന് പ്രാദേശികമായി അറിയപ്പെടുന്ന ഈ വേറിട്ട ചടങ്ങ് നടന്നത്.
ഏകദേശം 25 വർഷങ്ങൾക്ക് മുൻപ്, വിവാഹപ്രായമെത്തുന്നതിന് മുൻപ് തന്നെ ചെറുപ്പത്തിൽ മരണപ്പെട്ട ആനന്ദ്, സരോജ എന്നിവർക്കായാണ് ഈ ആചാരം നടത്തിയത്. ഇവരുടെ ആത്മാക്കൾക്ക് മോക്ഷം ലഭിക്കാൻ ഇരുവരെയും വിവാഹത്തിലൂടെ ഒന്നിപ്പിക്കണമെന്ന് ജ്യോതിഷ പ്രശ്നത്തിൽ തെളിഞ്ഞതിനെ തുടർന്നാണ് കുടുംബാംഗങ്ങൾ ഇതിന് തയ്യാറായത്.
ബാരികെ തിമ്മപ്പ-ഗിരിജ ദമ്പതികളുടെ മകനാണ് ആനന്ദ്. ബദിയടുക്കയിലെ മുത്തപ്പ-ദേവകി ദമ്പതികളുടെ മകളാണ് സരോജ.
ഇത്തരം അപൂർവ്വ ആചാരങ്ങൾ നടത്തുന്നതിൽ പ്രശസ്തനായ പുരോഹിതൻ ധർമ്മപാല ഷേണായിയുടെ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്.
ജീവനുള്ളവരുടെ കല്യാണം പോലെ സകല ആചാരങ്ങളോടെയായിരുന്നു വിവാഹം. ഒരു സാധാരണ വിവാഹത്തിലെ എല്ലാ ചടങ്ങുകളും അതേപടി ഈ പ്രേതവിവാഹത്തിലും പിന്തുടർന്നു.
മണവാളന്റെയും മണവാട്ടിയുടെയും പ്രതീകമായി മൺകലങ്ങളിൽ മുഖങ്ങൾ വരച്ചുണ്ടാക്കി. ചാക്കുകളിൽ മണൽ നിറച്ച് അതിൽ വാഴപ്പിണ്ടി ഉറപ്പിച്ചു നിർത്തിയാണ് ശരീരഭാഗം ഒരുക്കിയത്.
പ്രതീകാത്മക വധുവിനെ സാരിയും ബ്ലൗസും സ്വർണ്ണമാലയും മുല്ലപ്പൂവും അണിയിച്ചൊരുക്കി. വരന്റെ രൂപത്തെ ഷർട്ടും മുണ്ടും വാച്ചും ധരിപ്പിച്ചു. ഇരുവർക്കുമായി പുതിയ വസ്ത്രങ്ങളും ചെരിപ്പുകളും വാങ്ങിയിരുന്നു.
താലിചാർത്തൽ, ബന്ധുക്കളുടെ അനുഗ്രഹം വാങ്ങൽ തുടങ്ങിയ എല്ലാ പ്രധാന ചടങ്ങുകളും നടന്നു. ശേഷം പ്രതീകാത്മക ദമ്പതികളെ വീടിനുള്ളിലേക്ക് കയറ്റി ഇരുത്തിയാണ് ചടങ്ങുകൾ അവസാനിപ്പിച്ചത്.
വലിയൊരു കല്യാണസദ്യയും ഇതിനോടനുബന്ധിച്ച് ഒരുക്കിയിരുന്നു. ബന്ധുക്കളെല്ലാം ചടങ്ങിൽ പങ്കെടുത്തു.
കുടുംബത്തിലെ കുട്ടികളുടെ വിവാഹതടസ്സം മാറുന്നതിനും, സന്താനഭാഗ്യം ഉണ്ടാകുന്നതിനും, മൺമറഞ്ഞവരുടെ ആത്മാക്കൾക്ക് ശാന്തി ലഭിക്കുന്നതിനും ഈ ആചാരം സഹായിക്കുമെന്നാണ് ഈ കുടുംബങ്ങൾ വിശ്വസിക്കുന്നത്.
മരണശേഷവും പൂർവികരുമായുള്ള ബന്ധം അവസാനിക്കുന്നില്ലെന്നും, ഇത്തരം കർമ്മങ്ങളിലൂടെ ജീവിക്കുന്നവരും മരിച്ചവരും തമ്മിലുള്ള ഐക്യം വീണ്ടെടുക്കാൻ സാധിക്കുമെന്നുമുള്ള തുളുനാടിന്റെ ശക്തമായ വിശ്വാസത്തെയാണ് ഈ ചടങ്ങ് കാണിക്കുന്നത്.
Leave a Comment
Your comment will be visible after admin approval.