ന്യൂയോർക്ക്: ന്യൂയോർക്കിൽ അഞ്ചു വയസ്സുകാരിയായ മകൾ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ മാതാവ് അറസ്റ്റിൽ. ക്വീൻസിലെ റിച്ച്‌മണ്ട് ഹിൽ പ്രദേശത്ത് താമസിക്കുന്ന ഫ്രാൻസിസ് കാബെല്ലോ (32) ആണ് പൊലീസ് പിടിയിലായത്. ഇവരുടെ മകളായ ഫബിയാന കാബെല്ലോയാണ് കൊല്ലപ്പെട്ടത്..
ഒക്ടോബർ 14ന് വൈകുന്നേരമാണ് നാടിനെ ഞെട്ടിച്ച സംഭവം നടക്കുന്നത്. താൻ മകളെ കൊലപ്പെടുത്തിയെന്ന് കാണിച്ച് ഫ്രാൻസിസ് കാബെല്ലോ തന്നെയാണ് പൊലീസിൽ അടിയന്തര ഫോൺ സന്ദേശം നൽകിയത്. ‘ഞാൻ എന്റെ മകളെ കൊലപ്പെടുത്തി, അവൾ മുകളിലത്തെ നിലയിൽ ശ്വാസമെടുക്കാതെ കിടക്കുകയാണ്’ എന്നായിരുന്നു പൊലീസിനോട് ഇവർ പറഞ്ഞത്.
ഉടൻതന്നെ സംഭവസ്ഥലത്ത് എത്തിയ പൊലീസ് ഉദ്യോഗസ്ഥർ മൂക്കിൽ നിന്നും രക്തം വാർന്ന നിലയിലും അബോധാവസ്ഥയിലുമാണ് കുട്ടിയെ കണ്ടെത്തിയത്. ഉടൻതന്നെ ജമൈക്ക ഹോസ്പിറ്റൽ മെഡിക്കൽ സെന്ററിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് വ്യാഴാഴ്ച ഫ്രാൻസിസ് കാബെല്ലോയെ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതിയായ സ്ത്രീയുടെ വീട്ടിൽ സംഭവദിവസം എന്താണ് നടന്നതെന്ന് വ്യക്തമല്ല. പൊലീസിന് ലഭിച്ച കുറ്റപത്രപ്രകാരം, കുട്ടിയുടെ മുഖത്ത് പോറലുകളും കണ്ണുകളിലും ഹൃദയത്തിലും ശ്വാസകോശത്തിലും രക്തസ്രാവത്തിന്റെ ലക്ഷണങ്ങളും കണ്ടെത്തിയിട്ടുണ്ട്. ശ്വാസം മുട്ടിച്ചുള്ള കൊലപാതകമാണിതെന്നാണ് പ്രാഥമിക നിഗമനം
ഫ്രാൻസിസ് കാബെല്ലോക്ക് മുൻപും മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും അവർ പെരുമാറ്റത്തിൽ അസ്വാഭാവികത കാണിച്ചിരുന്നുവെന്നും ‘ന്യൂയോർക്ക് പോസ്റ്റ്’ റിപ്പോർട്ട് ചെയ്യുന്നു.
സംഭവസമയത്ത് ഒപ്പമുണ്ടായിരുന്ന കുട്ടിയുടെ മുത്തച്ഛൻ ഫ്രാങ്ക്ലിൻ കാബെല്ലോ പ്രതികരിച്ചത് ഇങ്ങനെയാണ്: ‘അവൾ മാനസികമായി പൂർണ ആരോഗ്യവതിയായിരുന്നില്ലെന്ന് എനിക്കറിയാമായിരുന്നു. കഴിച്ചുകൊണ്ടിരുന്ന മരുന്ന് ഡോക്ടറുടെ അനുവാദത്തോടെ അവൾ നിർത്തുകയുണ്ടായി. മരുന്ന് കഴിക്കാതിരുന്നാൽ അവസ്ഥ വഷളാകുമെന്ന് അറിയാമായിരുന്നു. എന്നാൽ അവൾ തന്റെ കുഞ്ഞിനെ ഏറെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്തിരുന്ന ഒരു അമ്മയാണ്. കുഞ്ഞിന് അവൾ ഇങ്ങനെയൊരു ദോഷം ചെയ്യുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല,’- അദ്ദേഹം കൂട്ടിച്ചേർത്തു.
അഞ്ചു വയസ്സുകാരിയായ ഫബിയാനയുടെ വിയോഗത്തിൽ തകർന്നുപോയ പിതാവ് കുൽദീപ് സിങ്, മകളുടെ സംസ്കാര ചടങ്ങുകൾക്കായി ധനസഹായം അഭ്യർഥിച്ചിരിക്കുകയാണ്.
Leave a Comment
Your comment will be visible after admin approval.