കോഴിക്കോട്: താൻ ആർക്കെതിരെയും സൈബർ ആക്രമണം നടത്തിയിട്ടില്ലെന്നും ഷാഫി പറമ്പിലുമായി ഗുരു-ശിഷ്യ ബന്ധമൊന്നുമില്ലെന്നും വ്യക്തമാക്കി രാഹുൽ മാങ്കൂട്ടത്തിൽ. വ്യക്തിപരമായി പേര് പരാമർശിച്ചിട്ടില്ലാത്ത വിഷയങ്ങളിൽപ്പോലും നാട്ടിൽ വിവാദങ്ങളുണ്ടാകുമ്പോൾ തന്റെ പേര് വലിച്ചിഴയ്ക്കുന്ന ഒരു പ്രവണത ചില മാധ്യമപ്രവർത്തകർക്കിടയിലുണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും ചേർന്ന് തനിക്കെതിരെ സൈബർ ആക്രമണം നടത്തുന്നുവെന്ന രാജ്മോഹൻ ഉണ്ണിത്താൻ്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടിക്കകത്തുള്ളവർക്കെതിരെയോ പുറത്തുള്ളവർക്കെതിരെയോ സൈബർ ആക്രമണം നടത്തിയിട്ടില്ല. അഭിപ്രായങ്ങൾ സ്വന്തം പ്രൊഫൈലിലൂടെ പറയാറുണ്ടെന്നല്ലാതെ ‘വൺ-ടു-ത്രീ അറ്റാക്ക്’ എന്ന പേരിൽ ഒരു സേനയെയും വിന്യസിച്ചിട്ടില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
രാജ്മോഹൻ ഉണ്ണിത്താനോ അദ്ദേഹത്തെ സ്നേഹിക്കുന്നവർക്കോ മാധ്യമപ്രവർത്തകർക്കോ സംശയമുണ്ടെങ്കിൽ പരാതിയുമായി മുന്നോട്ടുപോകാം. ഏതൊരു കോൺഗ്രസുകാരനും വിശ്വസിക്കാവുന്ന സർക്കാരാണ് നാട് ഭരിക്കുന്നത്. പരാതി നൽകിയാൽ കൃത്യമായി അന്വേഷിച്ച് തന്റെ പങ്കുണ്ടോ ഇല്ലയോ എന്ന് വ്യക്തമാക്കാൻ കഴിയുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
Leave a Comment
Your comment will be visible after admin approval.