രാഹുൽ ​ഗാന്ധിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന പരാതി: സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പരിശോധന നടത്തണമെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി

Global Indian Writer · November 25, 2026 · 1 min read · 0 Comments · 0 Shares

ന്യൂഡൽഹി: രാഹുൽ ​ഗാന്ധിക്കെതിരായ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട പരാതിയിൽ സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പരിശോധന നടത്തണമെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. ഹൈക്കോടതി നിർദേശത്തെ ചോദ്യം ചെയ്ത് രാഹുൽ ഗാന്ധി സമർപ്പിച്ച ഹരജിയിലാണ് സുപ്രിംകോടതിയുടെ ഉത്തരവ്.

കർണാടക സ്വദേശിയും ബിജെപി പ്രവർത്തകനുമായ വിഘ്നേഷ് ശിശിർ നൽകിയ പരാതിയിലെ ആരോപണങ്ങൾ നിയമപരമായി പരിശോധിച്ച് പുരോഗതി അറിയിക്കാനായിരുന്നു അലഹബാദ് ഹൈക്കോടതി നേരത്തെ കേന്ദ്ര ഏജൻസികൾക്ക് നിർദേശം നൽകിയിരുന്നത്. മേയിൽ പുറപ്പെടുവിച്ച ഉത്തരവിന് പിന്നാലെ ജൂലൈ 20ന് കേസ് പരിഗണിച്ചപ്പോഴും വിഷയത്തിൽ സിബിഐ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഈ ഉത്തരവുകളാണ് ഇപ്പോൾ സുപ്രിംകോടതി റദ്ദാക്കിയിരിക്കുന്നത്.

കേസ് അലഹബാദ് ഹൈക്കോടതിയിലേക്ക് തന്നെ തിരിച്ചയച്ച സുപ്രിംകോടതി ഹരജിയുടെ നിലനിൽപ്പും സാധുതയും ഉൾപ്പെടെയുള്ള കാര്യങ്ങൾ പുതുതായി പരിഗണിക്കാൻ ഹൈക്കോടതിക്ക് നിർദേശം നൽകി. വസ്തുതകളും നിയമപരമായ വശങ്ങളും വിശദമായി പരിശോധിച്ച ശേഷം ഉചിതമായ തീരുമാനം കൈക്കൊള്ളണമെന്നാണ് സുപ്രിംകോടതി വ്യക്തമാക്കിയിരിക്കുന്നത്.

രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടാനുള്ള നീക്കങ്ങൾക്കേറ്റ തിരിച്ചടിയായാണ് കോൺഗ്രസ് നേതാക്കൾ സുപ്രിംകോടതി ഉത്തരവിനെ കാണുന്നത്. ഹൈക്കോടതിയിൽ വിഷയം പുനഃപരിശോധിക്കുന്ന ഘട്ടത്തിൽ ഹരജിയുടെ നിയമസാധുത സംബന്ധിച്ച വാദങ്ങൾ നിർണായകമാകും.

Share this story

Leave a Comment

Your comment will be visible after admin approval.