സ്റ്റോക്ക്ഹോം : അമേരിക്കൻ സാമ്പത്തിക വിദഗ്ധരായ റോബർട്ട് ഇ ഹാളും മൈക്കിൾ വുഡ്‌ഫോർഡും സാമ്പത്തിക ശാസ്ത്രത്തിലെ നൊബേൽ സമ്മാനത്തിനു അർഹരായി. സാമ്പത്തിക സുസ്ഥിരതയുടെ മൈക്രോ ഇക്കണോമിക് അടിത്തറകളെക്കുറിച്ചുള്ള പഠനമികവിനാണ് പുരസ്കാരം. സാമ്പത്തിക ഗവേഷണത്തിന് ഇരുവരും നൽകിയ സംഭാവനകളെ അംഗീകരിച്ചാണ് നൊബേൽ നൽകിയത്.
രാജ്യങ്ങളുടെ സാമ്പത്തികസ്ഥിതി വ്യക്തമാക്കുന്ന സൂചകങ്ങളായ പണപ്പെരുപ്പം, ഉൽപാദനം, ഉപഭോഗം എന്നിവയിൽ (Macroeconomic) മാത്രം ഊന്നൽനൽകുന്നതിന് പകരം ഓരോ കുടുംബവും ബിസിനസുകളും അവരുടെ തീരുമാനങ്ങളിലൂടെ (Microeconomic) സാമ്പത്തിക വളർച്ചയെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് സംബന്ധിച്ച് പഠിക്കുകയാണ് ഇരുവരും ചെയ്തത്. പുറമേ സർക്കാരും കേന്ദ്രബാങ്കും തമ്മിലെ ബന്ധം എങ്ങനെ സമ്പദ്‍വ്യവസ്ഥയെ ശരിയായ ദിശയിലേക്ക് നയിക്കുന്നു എന്നും ഇരുവരും പഠിച്ചു. ഇത് ഓരോ രാജ്യത്തിനും സാമ്പത്തികമേഖലയിൽ ഏത് രംഗത്ത് കൂടുതൽ ഉന്നൽ നൽകണമെന്ന് മനസ്സിലാക്കാനും അതിനനുസരിച്ച് പ്രവർത്തിച്ച് വളരാനും സഹായിച്ചുവെന്നും അക്കാദമി ചൂണ്ടിക്കാട്ടി.
റോബർട്ട് ഇ. ഹാൾ സ്റ്റാൻഫഡ് സർവകലാശാലയിൽ പ്രഫസറായി സേവനം അനുഷ്ടിക്കുകയാണ്. കൊളംബിയ സർവകലാശാലയിലെ പ്രഫസറാണ് മൈക്കിൾ വുഡ്‌ഫോർഡ്. സമ്പദ്‌വ്യവസ്ഥകൾ മാറ്റങ്ങളോട് പ്രതികരിക്കുന്ന വിധത്തെ കുറിച്ചും കൂടുതൽ സ്ഥിരത നേടുന്നതിനായി ചെയ്യേണ്ടതിനെ കുറിച്ചുമുള്ള ഗവേഷണങ്ങളിലാണ് റോബർട്ട് ഇ ഹാളും മൈക്കിൾ വുഡ്‌ഫോർഡും പഠനം കേന്ദ്രീകരിച്ചത്. സ്വീഡനിലെ സ്റ്റോക്ക്ഹോമിലുള്ള റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസാണ് സാമ്പത്തിക ശാസ്ത്രത്തിലെ നൊബേൽ പ്രഖ്യാപിച്ചത്.
Leave a Comment
Your comment will be visible after admin approval.