റിയാദ്: സൗദിയിൽ ഹൂതികളുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ യുപി ഗോരഖ്പുർ സ്വദേശി ഉൾപ്പെടെ 4 പേർ കൊല്ലപ്പെട്ടു. ദമാമിലെ കിങ് ഫഹദ് രാജ്യാന്തര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിലാണ് ഗ്രൗണ്ട് സപ്പോർട്ട് സ്റ്റാഫ് കമലേഷ് പാണ്ഡെ (37) മരിച്ചത്. സൗദി പൗരനും കൊല്ലപ്പെട്ടു. 2 ഇന്ത്യക്കാരുൾപ്പെടെ 8 പേർക്കു പരുക്കേറ്റു. സൗദി എണ്ണക്കമ്പനിയായ അരാംകോയുടെ ഷൈബ എണ്ണപ്പാടത്തുണ്ടായ ആക്രമണത്തിൽ ഫിലിപ്പീൻസ്, നേപ്പാൾ സ്വദേശികളും കൊല്ലപ്പെട്ടു. ഇന്ത്യക്കാരനും പാക്കിസ്ഥാൻകാരനും പരുക്കേറ്റു. ഈ മാസം ആദ്യം റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിലെ ആക്രമണത്തിലും ഇന്ത്യക്കാരൻ കൊല്ലപ്പെട്ടിരുന്നു.
ബുധനാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ ദമാം വിമാനത്താവളത്തിനു കേടുപറ്റിയെങ്കിലും സർവീസുകൾ പുനരാരംഭിച്ചതായി സൗദി അറിയിച്ചു. ഇൗ മാസം 11നും ഇവിടെ ആക്രമണം നടന്നിരുന്നു. റിയാദിൽ പ്രതിരോധ മന്ത്രാലയവും യാൻബുവിൽ അരാംകോ കയറ്റുമതി കേന്ദ്രവും ആക്രമിച്ചതായി ഹൂതികൾ അവകാശപ്പെട്ടു; സൗദി സ്ഥിരീകരിച്ചിട്ടില്ല. റിയാദിലും യാൻബുവിനു സമീപത്തുള്ള മദീനയിലും സൗദി സൈനികസഖ്യം ഡ്രോണുകൾ തടഞ്ഞുനശിപ്പിച്ചു.
ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളിൽ ഒന്നായ അരാംകോയുടെ ദഹ്റാനിലെ ആസ്ഥാന മന്ദിരം പൂർണമായും ഒഴിപ്പിച്ചു. ആദ്യമായാണ് ഇത്തരമൊരു നടപടി. എല്ലാ ജീവനക്കാരും വീട്ടിലിരുന്നു ജോലി ചെയ്യാനാണു നിർദേശം. ആക്രമണങ്ങളെ അപലപിച്ച ഇന്ത്യ, വിമാനത്താവളങ്ങളും ഊർജകേന്ദ്രങ്ങളും ആക്രമിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ എംബസി മുന്നറിയിപ്പുനൽകി. ആക്രമണങ്ങളുടെയോ, നാശനഷ്ടങ്ങളുടെയോ ചിത്രങ്ങളോ വിഡിയോകളോ പ്രചരിപ്പിക്കരുതെന്നും നിർദേശിച്ചു.
Leave a Comment
Your comment will be visible after admin approval.