ജിദ്ദ∙ സൗദി അറേബ്യയിലെ സ്വകാര്യ ധനകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് തിരിച്ചടിയായി 17 പ്രധാന തസ്തികകളിൽ 50 ശതമാനം സ്വദേശിവൽക്കരണം നടപ്പാക്കാൻ തീരുമാനം. സൗദി ഓർഗനൈസേഷൻ ഫോർ സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്സുമായി സഹകരിച്ച് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.
2027 മേയ് 23 മുതൽ നിയമം പ്രാബല്യത്തിൽ വരുന്നതോടെ മലയാളികൾ ഉൾപ്പെടെയുള്ള നിരവധി പ്രവാസി പ്രഫഷനലുകളുടെ തൊഴിലിനെ ഇത് ബാധിച്ചേക്കും. പുതിയ തീരുമാനപ്രകാരം, നിശ്ചയിച്ചിട്ടുള്ള തസ്തികകളിൽ രണ്ടോ അതിലധികമോ ജീവനക്കാരുള്ള എല്ലാ സ്വകാര്യ സ്ഥാപനങ്ങളും പകുതി ഒഴിവുകളിൽ സൗദി പൗരന്മാരെ നിയമിക്കേണ്ടിവരും.
നിയമം നടപ്പാക്കുന്നതിന് മുന്നോടിയായി സ്ഥാപനങ്ങൾക്ക് ആറ് മാസത്തെ സാവകാശം (ഗ്രേസ് പിരീഡ്) അനുവദിച്ചിട്ടുണ്ട്. ഈ കാലയളവിനുള്ളിൽ സ്ഥാപനങ്ങൾ തൊഴിൽ ഘടനയിൽ മാറ്റം വരുത്തേണ്ടതിനാൽ, നിലവിൽ ഈ തസ്തികകളിൽ തുടരുന്ന വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെടാനോ മറ്റ് തസ്തികകളിലേക്ക് മാറേണ്ടിവരാനോ സാധ്യതയുണ്ട്.
∙ പ്രവാസികൾക്ക് തൊഴിൽ ഭീഷണിയാകുന്ന 17 തസ്തികകൾ:ഫിനാൻഷ്യൽ അനലിസ്റ്റ്, ഫിനാൻഷ്യൽ കൺസൾട്ടന്റ്, ഇൻവെസ്റ്റ്മെന്റ് മാനേജർ, ഫിനാൻഷ്യൽ കൺട്രോൾ സ്പെഷ്യലിസ്റ്റ്, ഇൻവെസ്റ്റ്മെന്റ് സ്പെഷ്യലിസ്റ്റ്, ഫിനാൻഷ്യൽ പ്ലാനിങ് സ്പെഷ്യലിസ്റ്റ്, ഫിനാൻഷ്യൽ പ്രൊഡക്റ്റ് ഡെവലപ്മെന്റ് സ്പെഷ്യലിസ്റ്റ്, ട്രഷറി സ്പെഷ്യലിസ്റ്റ്, ക്രെഡിറ്റ് മാനേജർ, ഫിനാൻഷ്യൽ സർവീസസ് കൺട്രോൾ മാനേജർ, ഫിനാൻഷ്യൽ ഇൻവെസ്റ്റിഗേറ്റർ, ഗവൺമെന്റ് റവന്യൂ സ്പെഷ്യലിസ്റ്റ്, ഫിനാൻഷ്യൽ ബ്രോക്കറേജ് മാനേജർ, ഇൻവെസ്റ്റ്മെന്റ് അഡ്വൈസർ, ഇൻവെസ്റ്റ്മെന്റ് എക്സ്പെർട്ട്, ഫിനാൻഷ്യൽ അഡ്വൈസർ, ഫിനാൻഷ്യൽ എക്സ്പെർട്ട്.
പ്രവാസി ജീവനക്കാർക്ക് പകരം യോഗ്യരായ സ്വദേശികളെ നിയമിക്കുന്നതിനായി സ്ഥാപനങ്ങൾക്ക് മന്ത്രാലയം പ്രത്യേക പ്രോത്സാഹന പാക്കേജും പ്രഖ്യാപിച്ചിട്ടുണ്ട്. സൗദി പൗരന്മാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള പിന്തുണ, പരിശീലന സഹായങ്ങൾ, തൊഴിൽ സ്ഥിരത ഉറപ്പാക്കൽ, മറ്റ് സ്വദേശിവൽക്കരണ പദ്ധതികളിൽ മുൻഗണന എന്നിവ ഇതിൽ ഉൾപ്പെടുന്നു.
Leave a Comment
Your comment will be visible after admin approval.