തെഹ്റാൻ: ഹുർമുസ് കടലിടുക്കിന് സമീപം പലാവു പതാക ഘടിപ്പിച്ച ‘എം.ടി സെറ്റെബെല്ലോ’ എണ്ണക്കപ്പലിന് നേരെ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഇറാൻ. ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് വാഷിങ്ടണിനെതിരെ ഇറാൻ കടുത്ത ഭാഷയിൽ രംഗത്തെത്തിയത്. അന്താരാഷ്ട്ര കപ്പൽ ഗതാഗത സുരക്ഷയെ അപകടപ്പെടുത്തുന്നതും നാവിക സ്വാതന്ത്ര്യത്തെ ലംഘിക്കുന്നതുമാണ് അമേരിക്കയുടെ നടപടിയെന്ന് ഇറാൻ കുറ്റപ്പെടുത്തി.
അമേരിക്കയുടേത് വെറുമൊരു ആക്രമണമല്ല, മറിച്ച് ‘സായുധ കവർച്ചയും ഭരണകൂട കടൽക്കൊള്ളയുമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖായ് വിശേഷിപ്പിച്ചു. ഇത്തരം നിയമവിരുദ്ധമായ ആക്രമണങ്ങൾക്ക് വാഷിങ്ടണിനെ അന്താരാഷ്ട്ര സമൂഹം കടുത്ത വിചാരണക്ക് വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാമൂഹിക മാധ്യമമായ എക്സിലൂടെയാണ് ഇസ്മായിൽ ബഖായ് ഇറാന്റെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയത്.
“മൂന്ന് ഇന്ത്യൻ പൗരന്മാരുടെ മരണത്തിനിടയാക്കിയ വാണിജ്യ കപ്പലിന് നേരെയുള്ള അമേരിക്കയുടെ ക്രൂരമായ ആക്രമണം, അവരുടെ സായുധ കവർച്ചാ നയത്തിന്റെ വ്യക്തമായ തെളിവാണ്. ഈ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ നാവികരുടെ കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഖത്തിൽ പങ്കുചേരുന്നു. ഒപ്പം ഇന്ത്യൻ ജനതക്കും സർക്കാരിനും ഞങ്ങളുടെ ആത്മാർത്ഥമായ അനുശോചനം രേഖപ്പെടുത്തുന്നു.” ഇസ്മായിൽ ബഖായ് കുറിച്ചു.
Leave a Comment
Your comment will be visible after admin approval.