Monday, May 13, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeSpecial reportചരിത്രം തിരുത്തപ്പെടുമോ ഉമ്മന്‍ചാണ്ടിയിലൂടെ

ചരിത്രം തിരുത്തപ്പെടുമോ ഉമ്മന്‍ചാണ്ടിയിലൂടെ

ബ്ലെസന്‍ ഹൂസ്റ്റന്‍

ഉമ്മന്‍ചാണ്ടി ഗാന്ധിയെപ്പോലെ ഒരു മഹാനായിരുന്നോ. മദര്‍ തെരേസയെപ്പോലെ മറ്റുള്ളവരോട് കരുണ കാണിച്ച ഒരു മനുഷ്യസ്‌നേഹിയായിരുന്നുവോ. ഗാന്ധിയും മദര്‍തെരേസയും രണ്ട് തലങ്ങളില്‍ നിന്നുകൊണ്ടായിരുന്നു ജനങ്ങളെ സ്‌നേഹിച്ചതും സേവിച്ചതും. അടിമത്വം എന്ന അരാജകത്വത്തില്‍ നിന്ന് ഒരു ജനതയെ സ്വാതന്ത്ര്യമെന്ന വിശാലതയിലേക്ക് നയിച്ച നേതാവായിരുന്നു മഹാത്മാഗാന്ധിയെങ്കില്‍ അശരണരും ആലംബഹീനരുമായ സഹജീവികളെ അര്‍പ്പണത്തോടെയും കരുണാര്‍ദ്രമായ കൈകളോടെ ചേര്‍ത്തുനിര്‍ത്തിയ പരിശുദ്ധയായിരുന്നു മദര്‍ തെരേസ. ഗാന്ധിജി ജനങ്ങള്‍ക്കു മുന്നില്‍ നിന്ന് അവരെ നേരായ പാതയില്‍ നയിച്ചപ്പോള്‍ മദര്‍തെരേസ അവരുടെ പുറകെ ചെന്ന് അവരുടെ വേദനകള്‍ അകറ്റി. പ്രസംഗത്തേക്കാള്‍ പ്രവര്‍ത്തിക്ക് പ്രാധാന്യം നല്‍കിയതായിരുന്നു ഇരുവരുടേയും പൊതുവായ സ്വഭാവം. പ്രസംഗത്തില്‍ കൂടിയല്ല പ്രവര്‍ത്തിയില്‍ കൂടി ആദര്‍ശമെന്ന വാക്കിന്റെ അര്‍ത്ഥം കാട്ടികൊടുത്തുകൊണ്ട് മഹാത്മാഗാന്ധി ജനമനസ്സുകളില്‍ ഇടം തേടിയപ്പോള്‍ കാരുണ്യമെന്ന വാക്കിന്റെ അര്‍ത്ഥം തന്റെ കൈകളില്‍ കൂടി പ്രവര്‍ത്തിച്ചുകാട്ടി മദര്‍ തെരേസ ജനഹൃദയങ്ങളില്‍ കയറിപ്പറ്റി. മഹാത്മാഗാന്ധിയുടെ അര്‍ത്ഥവത്തായ പ്രവര്‍ത്തനവും മദര്‍ തെരേസയുടെ കാരുണ്യം നിറഞ്ഞ കരുതലും സമന്വയിപ്പിച്ചാല്‍ അതാണ് ഉമ്മന്‍ചാണ്ടി.

ഇന്നും നിലയ്ക്കാത്ത ജനപ്രവാഹമായി അത് മാറിയെങ്കില്‍ അതിന് കാരണവും അതു തന്നെ. ആരും നിര്‍ബന്ധിച്ച് കൊണ്ടുവരുന്നതല്ല. മറിച്ച് അവര്‍ തങ്ങളുടെ സ്‌നേഹവും ആദരവും അര്‍പ്പിക്കുകയാണ്. അത് മാത്രമാണ് അദ്ദേഹത്തോട് അവര്‍ക്ക് കടമ. എന്നാല്‍ അതിനെയും വ്യവസായവല്‍ക്കരിച്ച് പണം നേടാന്‍ ചിലര്‍ ശ്രമിക്കുന്നതാണ് മലയാളിക്ക് അപമാനകരമായത്. അപ്പന്റെ അടക്കം കഴിഞ്ഞ് മണ്ണുണങ്ങിയില്ല അതിനു മുന്‍പെ മക്കള്‍ തമ്മില്‍ സ്വത്ത് തര്‍ക്കമായിയെന്ന് പഴമക്കാര്‍ പറയുന്നതുപോലെയാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്. പുരയ്ക്ക് തീ പിടിക്കുമ്പോള്‍ അതില്‍ നിന്ന് ബീഡി കത്തിക്കാന്‍ ശ്രമിക്കുന്ന ഒരു ശരാശരി മലയാളിയേക്കാള്‍ അധഃപതിച്ചുയെന്നു വേണം പറയാന്‍. പണത്തോടുള്ള മലയാളിയുടെ അല്ലെങ്കില്‍ മനുഷ്യന്റെ ആര്‍ത്തി പട്ടടയിലുമെത്തിയെന്നു വേണം കരുതാന്‍.

ഇത് പറയാന്‍ കാരണം ഉമ്മന്‍ചാണ്ടിയുടെ കബറിടത്തിലേക്ക് ജനപ്രവാഹമെന്ന് കേട്ടപ്പോള്‍ വര്‍ക്കലയില്‍ നിന്ന് പുതുപ്പള്ളിയിലേക്ക് ടൂര്‍ പാക്കേജുമായി ഒരു ബസ്സുടമ രംഗത്തു വരികയുണ്ടായി. അതില്‍ തെറ്റായി എന്തിരിക്കുന്നുയെന്ന് ചോദിച്ചേക്കാം. മഹാന്മാരുടേയും പുണ്യാത്മാക്കളുടെയും അന്ത്യവിശ്രമസ്ഥലം ജനം സന്ദര്‍ശിക്കുക സ്വാഭാവികമാണ്. അവിടേക്ക് ബസ് സര്‍വ്വീസ് ഉള്‍പ്പെടെയുള്ള ഗതാഗത സംവിധാനമുണ്ട്. ടൂര്‍ പാക്കേജുമായി പല കമ്പനികളും രംഗത്തുണ്ട്. അവരുടെ ലക്ഷ്യം പണസമ്പാദനമാണ്. അതിനപ്പുറത്തേക്കുള്ള ഒരു സേവനമോ പ്രതിബദ്ധതയോ ഇല്ല. അതൊരു വ്യവസായമാണ്. വ്യവസായത്തില്‍ എപ്പോഴും ലാഭം മാത്രമാണ് ലക്ഷ്യം. അതു തന്നെയാണ് പുതുപ്പള്ളിയിലേക്കുള്ള ഈ ബസ് സര്‍വ്വീസിന്റെ ലക്ഷ്യവും. അത് ഉമ്മന്‍ചാണ്ടിയെന്ന നിസ്വാര്‍ത്ഥ സേവകനോടുള്ള അനാദരവുമാത്രമാണ്. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ആയിരക്കണക്കിന് ആള്‍ക്കാര്‍ക്ക് സഹായം നല്‍കിയ നേതാവാണ് ഉമ്മന്‍ചാണ്ടി. സഹായം ചെയ്തവരില്‍ നിന്ന് ഒരു ചായ പോലും വാങ്ങിക്കുടിച്ചതായി ഈ സഹായം ലഭിച്ച ആരെങ്കിലും പറഞ്ഞിട്ടുപോലുമില്ല. എന്നു പറഞ്ഞാല്‍ സഹായം ചെയ്തത് ലാഭം നോക്കിയല്ലായെന്നതാണ്. അങ്ങനെയുള്ള  വ്യക്തിയായ ഉമ്മന്‍ചാണ്ടിയുടെ ശവകുടീരത്തിലേക്ക് പോകുന്നവരില്‍ നിന്നുപോലും പണമുണ്ടാക്കാമെന്ന് ചിന്തിച്ചവരുടെ മനസ്സിലെ ലാഭക്കൊതിയെ എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. എന്തിനും ഏതിനും ലാഭം നോക്കുന്ന ഒരു സമൂഹമാണ് ഇന്ന് നമ്മുടെതെന്ന് തുറന്നു കാട്ടുന്നുണ്ട്.

ഉമ്മന്‍ചാണ്ടി ഒരു മഹാത്മാവായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നതിനു മുന്‍പ് തന്നെ ഒരു മുഴം മുന്നേയ്ക്ക് എറിഞ്ഞ് മാതൃക കാട്ടിയെന്നതല്ല ഇവിടെ പ്രധാനമായിട്ടുള്ളത് മറിച്ച് മറ്റുള്ളവര്‍ക്ക് മുന്നെ വല വീശി കിട്ടാവുന്നതെല്ലാം നേടുകയെന്ന ലക്ഷ്യമാണുള്ളത്. ഇത്തരം പണത്തോടുള്ള ആര്‍ത്തി ഉമ്മന്‍ചാണ്ടിയുടെ ആത്മാവ് പോലും പൊറുക്കുകയില്ല.

കേരളത്തിലെ ചില ക്രൈസ്തവ വൈദീകരുടെ പ്രധാന ധനസമ്പാദനമായിരുന്നു ഒരു കാലത്ത് വിശുദ്ധ നാട്ടിലേക്കുള്ള വിശ്വാസികളെ സംഘടിപ്പിച്ചുകൊണ്ടുള്ള ടൂര്‍. വിശുദ്ധ നാടിനോടുള്ള ഭക്തികൊണ്ടുള്ളതോ വിശ്വാസം കൊണ്ടുള്ളതോ അല്ല മറിച്ച് കിട്ടുന്ന അവസരത്തില്‍ കാപ്പണം നേടുകയെന്നതാണ്. അതു തന്നെയാണ് ഇവിടെയും. അത് ഒരു പരിധി വരെ അദ്ദേഹത്തിനെ അപമാനിക്കുന്നതിനു തുല്യമാണ്. ഇനിയും സമയമുണ്ടല്ലോ അതിനൊക്കെ.

പുതുപ്പള്ളിയില്‍ ഇപ്പോഴും നിലയ്ക്കാത്ത ഒരു ജനപ്രവാഹമാണ്. അടക്കം കഴിഞ്ഞ് മൂന്നാഴ്ചകള്‍ കഴിഞ്ഞിട്ടും അത് തുടരുന്നുണ്ടെങ്കില്‍ അത് കേരളത്തില്‍ ഒരു രാഷ്ട്രീയ നേതാവിനു കിട്ടിയിട്ടുള്ള അപൂര്‍വ്വ അംഗീകാരമാണ്. മരിച്ച് അടക്കം കഴിഞ്ഞാല്‍ ഒരനുശോചനം അതിനുശേഷം ആരെങ്കിലും ആ സ്ഥലത്തേക്ക് പിന്നീട് വരുന്നത്. ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാര്‍പോലും കാലം ചെയ്താല്‍ അതാണ് അവസ്ഥ. ആ സ്ഥാനത്താണ് ഉമ്മന്‍ചാണ്ടിയുടെ കബറിടത്തിലേക്ക് നിലയ്ക്കാത്ത ജനപ്രവാഹം. അവിടെ കബറിടം സന്ദര്‍ശിക്കുകയെന്നതിനപ്പുറം ഒരു പുണ്യാത്മാവിന്റെ അടുത്തെത്തി തങ്ങളുടെ സങ്കടങ്ങളും അപേക്ഷകളും വരെ സമര്‍പ്പിക്കുന്നതിലേക്ക് എത്തി നില്‍ക്കുന്നു. അത് അനുദിനം കൂടുന്നുയെന്നതാണ് സത്യം. രോഗസൗഖ്യം പോലും ഉണ്ടായതായി സാക്ഷ്യപ്പെടുത്തിക്കൊണ്ട് ഇന്ന് പലരും രംഗത്തു വന്നത് ഒരു വിശുദ്ധന്റെ തലത്തിലേക്ക് അദ്ദേഹത്തിനെ പലരും ചിത്രീകരിക്കുന്നുണ്ട്.

രാഷ്ട്രീയരംഗത്തുള്ള വിശുദ്ധനാകുമോ ഉമ്മന്‍ചാണ്ടിയെന്നതാണ് ഇന്ന് പലരും ചോദിക്കുന്നത്. ഈ ജനപ്രവാഹവും തീര്‍ത്ഥാടനവും കാണുമ്പോള്‍ പലരുടേയും സംശയമാണ് അല്ലെങ്കില്‍ ചോദ്യമാണ്. അത് തീരുമാനിക്കേണ്ടത് അദ്ദേഹത്തിന്റെ വിശുദ്ധിയിലുള്ള  അടയാളങ്ങളും അത്ഭുതങ്ങളുമാണ്. അതിന് അദ്ദേഹം ഉള്‍പ്പെട്ട സഭയുടെ അംഗീകാരം കൂടി വേണം. കത്തോലിക്കാ സഭയില്‍ ഒരാളെ വിശുദ്ധ പദവിയിലേക്ക് പരിഗണിക്കുന്നതിന് സഭയുടേതായ കീഴ്‌വഴക്കങ്ങളും ഉണ്ട്. പല ഘട്ടങ്ങളുണ്ട്. ഓരോ ഘട്ടത്തിലും അത്ഭുതങ്ങളും അടയാളങ്ങളും സഭയ്ക്ക് ശാസ്ത്രീയമായും വിശ്വാസപരമായും ബോദ്ധ്യപ്പെടണം. ആരെയും വിശുദ്ധ പദവിയിലേക്ക് പരിഗണിക്കപ്പെടാം. എന്നാല്‍ അവരെല്ലാവരും ഈ ഘട്ടങ്ങളില്‍ക്കൂടി കടന്നുപോകണം. അതിന് പ്രത്യേക സമയപരിധികള്‍ ഇല്ല. ചിലര്‍ നൂറ്റാണ്ടുകള്‍ കഴിഞ്ഞാണ് വിശുദ്ധരാകുന്നത്. മറ്റു ചിലര്‍ മരണത്തിനുശേഷം ഏതാനും വര്‍ഷങ്ങള്‍ക്കുള്ളിലും.

എന്നാല്‍ ഉമ്മന്‍ചാണ്ടിയുള്‍പ്പെട്ട ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ഒരാളെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നതിന് പ്രത്യേക നിര്‍വ്വചനം ഇല്ലായെന്നതാണ് സത്യം. സഭയ്ക്ക് തദ്ദേശീയരായ രണ്ട് വിശുദ്ധരെ ഇപ്പോള്‍ ഉള്ളു. പരുമല തിരുമേനിയും വട്ടശ്ശേരില്‍ തിരുമേനിയും. ഇരുവരും മെത്രാപ്പോലീത്തമാരായിരുന്നു. പാമ്പാടി തിരുമേനി ഇപ്പോള്‍ പരിഗണിക്കുന്നുണ്ട്. തിരുമേനിയില്‍ പല അത്ഭുതങ്ങളും നടക്കുന്നുണ്ട്.
സഭ ഇതുവരെയും അല്മായരെ വിശുദ്ധ പദവിയിലേക്ക് പരിഗണിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഇതിനൊരു നിര്‍വ്വചനവുമില്ല സഭയില്‍. അത് ഉമ്മന്‍ചാണ്ടിയില്‍ക്കൂടി മാറ്റപ്പെടുമോ. അതിനായി കാലത്തിനു മുന്‍പില്‍ കാത്തിരിക്കാം. എന്തായിരുന്നാലും അദ്ദേഹം ഒരു നീതിമാനായിരുന്നു. ആ നീതിയില്‍ കാലം അദ്ദേഹത്തെ ഒരു പുണ്യവാനാക്കുമോ.       
                      

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments