ആഗോള തലത്തില്‍ ജനപ്രിയമായ മെസേജിങ് പ്ലാറ്റ്‌ഫോമാണ് വാട്‌സാപ്പ്. ഉപകാരപ്രദമായ ഒട്ടേറെ ഫീച്ചറുകള്‍ വാട്‌സാപ്പിലുണ്ട്. ഇതിനെല്ലാം പുറമെ ഉപഭോക്താക്കളുടെ ഡാറ്റ സംരക്ഷിക്കുന്നതിനുള്ള കര്‍ശനമായ പ്രോട്ടോകോളുകളും വാട്‌സാപ്പ് പാലിക്കുന്നുണ്ട്. എന്നാല്‍ അടുത്തിടെ നടന്ന ഒരു ഗവേഷണത്തില്‍ വാട്‌സാപ്പില്‍ വലിയ സുരക്ഷാ വീഴ്ചയുണ്ടായെന്നും 350 കോടി ഉപഭോക്താക്കളുടെ ഫോണ്‍ നമ്പറുകള്‍ ഭീഷണിയിലായെന്നും കണ്ടെത്തി.
വിയെന്ന സര്‍വകലാശാലയിലെ സുരക്ഷാ ഗവേഷകരാണ് വാട്‌സാപ്പിലെ ഒരു നിസാരമായ സുരക്ഷാവീഴ്ച ദുരുപയോഗം ചെയ്ത് 350 കോടി ഫോണ്‍ നമ്പറുകള്‍ ചോര്‍ത്താനാവുമെന്ന് കണ്ടെത്തിയത്. ഈ പഴുത് സൈബര്‍ കുറ്റവാളികള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും ചരിത്രത്തിലെ ഏറ്റവും വലിയ വിവരച്ചോര്‍ച്ച ആയിരിക്കും അതെന്നും ഗവേഷകര്‍ പറയുന്നു.
വാട്‌സാപ്പില്‍ എളുപ്പത്തില്‍ കോണ്‍ടാക്ടുകള്‍ കണ്ടുപിടിക്കാമെന്നതാണ് വാട്‌സാപ്പിന്റെ സ്വീകാര്യതയ്ക്ക് പിന്നിലെ ഒരു ഘടകം, ഒരു കോണ്‍ടാക്ട് സേവ് ചെയ്യുമ്പോള്‍ തന്നെ ആ നമ്പര്‍ വാട്‌സാപ്പിലുണ്ടോ എന്നറിയാനാവും. ഒപ്പം അതിലെ പേരും പ്രൊഫൈല്‍ ചിത്രവും കാണാം. ഈ വിദ്യ ഉപയോഗപ്പെടുത്തി ഭൂമിയിലെ എല്ലാ വാട്‌സാപ്പ് ഉപഭോക്താവിന്റെയും ഫോണ്‍ നമ്പര്‍ കണ്ടെത്താനാവുമെന്ന് വയേര്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടൊപ്പം അവരുടെ പ്രൊഫൈല്‍ ചിത്രവും ഫോണ്‍ നമ്പറിനൊപ്പം നല്‍കിയ പേരോ മറ്റ് ടെക്‌സ്റ്റുകളോ ലഭിക്കുകയും ചെയ്യും.
വെറും അരമണിക്കൂര്‍ കൊണ്ടാണ് യുഎസില്‍ നിന്നുള്ള 3 കോടി ഫോണ്‍ നമ്പറുകള്‍ ഗവേഷകര്‍ക്ക് എടുക്കാനായത്. ഈ ഡാറ്റാബേസ് ഗവേഷകര്‍ നീക്കം ചെയ്യുകയും സുരക്ഷാ പ്രശ്‌നം മെറ്റയെ അറിയിക്കുകയും ചെയ്തു.
പ്രശ്‌നം കണ്ടെത്തിയ ഗവേഷകരെ അഭിനന്ദിച്ച മെറ്റ ബഗ് ബൗണ്ടി പ്രോഗ്രാമിന് കീഴിലുള്ള പ്രതിഫലവും ഗവേഷകര്‍ക്ക് നല്‍കും. ഈ സഹകരണത്തിലൂടെ തങ്ങള്‍ ഉദ്ദേശിച്ച പൊതുമധ്യത്തില്‍ ലഭ്യമായ അടിസ്ഥാന വിവരങ്ങള്‍ കൂട്ടത്തോടെ എടുക്കാന്‍ സാധിക്കുന്ന നൂതനമായ എനൂമറേഷന്‍ ടെക്‌നീക് തിരിച്ചറിയാനായെന്നും കമ്പനി പറഞ്ഞു.
നിലവില്‍ വിപണിയിലെ ഏറ്റവും മുന്‍നിര ആന്റി സ്‌ക്രാപ്പിങ് സംവിധാനങ്ങളാണ് തങ്ങള്‍ ഉപയോഗിക്കുന്നത്. ഈ സംവിധാനങ്ങളുടെ ഫലപ്രാപ്തി പരിശോധിക്കാന്‍ ഈ പഠനത്തിലൂടെ സാധിച്ചു. പഠനത്തിന്റെ ഭാഗമായി ശേഖരിച്ച ഡാറ്റ ഗവേഷകര്‍ സുരക്ഷിതമായി ഇല്ലാതാക്കിയിട്ടുണ്ട്. ഈ പ്രശ്‌നം സൈബര്‍ കുറ്റവാളികള്‍ ദുരുപയോഗം ചെയ്തുവെന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. എന്റ് ടു എന്റ് എന്‍ക്രിപ്ഷന്‍ ഉള്ളതിനാല്‍ ഉപഭോക്താക്കളുടെ സന്ദേശങ്ങള്‍ സുരക്ഷിതമാണ്. പൊതുമധ്യത്തില്‍ ലഭ്യമായ വിവരങ്ങളല്ലാതെ മറ്റൊന്നും ഗവേഷകര്‍ക്ക് എടുക്കാന്‍ സാധിച്ചിട്ടില്ല- മെറ്റ വ്യക്തമാക്കി.



