ടെക്സസ് സംസ്ഥാനത്ത് മാംസം തിന്നുന്ന അപകടകാരിയായ ‘ന്യൂ വേൾഡ് സ്ക്രൂവോം’ പുഴുവിന്റെ വ്യാപനം സ്ഥിരീകരിച്ചതിനെ തുടർന്ന് കാനഡ കന്നുകാലികളുടെ ഇറക്കുമതി താൽക്കാലികമായി നിരോധിച്ചു. കാനഡ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) കർഷകർക്ക് ജാഗ്രതാ നിർദേശം നൽകിക്കൊണ്ടാണ് ഈ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്.
ടെക്സസിലെ സവാല കൗണ്ടിയിൽ ഈ ആഴ്ച രണ്ടാമത്തെ പശുക്കുട്ടിയിലും രോഗബാധ സ്ഥിരീകരിച്ചതോടെ സ്ഥിതി കൂടുതൽ ഗുരുതരമായി. അമേരിക്കയിലെ ഏറ്റവും വലിയ കന്നുകാലി ഉൽപ്പാദന കേന്ദ്രമായ ടെക്സസിൽ ഗവർണർ ഗ്രെഗ് അബോട്ട് സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
ജീവനുള്ള മൃഗങ്ങളുടെയും മനുഷ്യരുടെയും മുറിവുകളിൽ ഈച്ചകൾ മുട്ടയിടുകയും, അതിൽ നിന്ന് വിരിയുന്ന പുഴുക്കൾ മാംസം കാർന്നുതിന്നുകയും ചെയ്യുന്ന രോഗമാണ് ന്യൂ വേൾഡ് സ്ക്രൂവോം. സമയോചിതമായ ചികിത്സയില്ലെങ്കിൽ മൃഗങ്ങളുടെ മരണത്തിന് വരെ കാരണമാകാം. മധ്യ അമേരിക്കയിൽ നിന്ന് മെക്സിക്കോ വഴി ടെക്സസിലേക്ക് ഈ രോഗം പടർന്നുകയുകയാണ്.
ടെക്സസിൽ 60 വർഷത്തിനു ശേഷമാണ് ഈ രോഗം വീണ്ടും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇത് കാർഷിക മേഖലയിൽ കടുത്ത ആശങ്കയുണ്ടാക്കിയിരിക്കുകയാണ്. രോഗവ്യാപനം തടയാൻ നിയന്ത്രിത മേഖലകൾ സ്ഥാപിച്ച് അമേരിക്കൻ അധികൃതർ കർശന ക്വാറന്റീനും പരിശോധനകളും ആരംഭിച്ചിട്ടുണ്ട്.
Leave a Comment
Your comment will be visible after admin approval.