Saturday, July 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപൗരത്വ ഭേദഗതി നിയമത്തിന് ഇടക്കാല സ്റ്റേയില്ല

പൗരത്വ ഭേദഗതി നിയമത്തിന് ഇടക്കാല സ്റ്റേയില്ല

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമവും പൗരത്വ ഭേദഗതി ചട്ടങ്ങളും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ കേന്ദ്രസർക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. ഉപഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാര്‍ മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് ഏപ്രില്‍ എട്ട് വരെ സുപ്രീം കോടതി സമയം അനുവദിച്ചു. പൗരത്വ നിയമത്തിനെതിരായ ഹര്‍ജികള്‍ ഏപ്രില്‍ 9ന് പരിഗണിക്കും. ചട്ടങ്ങള്‍ സ്‌റ്റേ ചെയ്യണമെന്ന ആവശ്യത്തില്‍ 9ന് വാദം കേള്‍ക്കാമെന്നും സുപ്രീം കോടതി അറിയിച്ചു. പൗരത്വം നല്‍കിയാല്‍ ഹര്‍ജിക്കാര്‍ക്ക് കോടതിയെ സമീപിക്കാം. ഏത് നിമിഷവും കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ഉപഹര്‍ജികളില്‍ മറുപടി നല്‍കാന്‍ സാവകാശം വേണമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. ഇതോടെ ഉപഹര്‍ജികളില്‍ മറുപടി നല്‍കാന്‍ സമയം നല്‍കേണ്ടതുണ്ടെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. കേന്ദ്ര സര്‍ക്കാരിൻ്റെ മറുപടി ലഭിച്ച ശേഷം വാദം കേള്‍ക്കാമെന്നും ചീഫ് ജസ്റ്റിസ്‌ വ്യക്തമാക്കി.എല്ലാ ഹര്‍ജിക്കാര്‍ക്കുമായി ഒരു നോഡല്‍ അഭിഭാഷകനെന്ന നിർദ്ദേശവും കോടതി മുന്നോട്ടുവെച്ചു. ആവശ്യങ്ങൾ ഒരുമിച്ച് എഴുതി നൽകണമെന്നും സുപ്രീം കോടതി നിർദ്ദേശം നൽകി. ഇത് അഞ്ച് പേജില്‍ കൂടരുതെന്നും ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചു. ഏപ്രില്‍ രണ്ടിനകം ഹര്‍ജിക്കാര്‍ ആവശ്യങ്ങള്‍ എഴുതി നല്‍കണം. അസം, ത്രിപുര ഹര്‍ജികളില്‍ പ്രത്യേകം നോഡല്‍ അഭിഭാഷകനെ വയ്ക്കാമെന്നും കോടതി നിർദ്ദേശിച്ചു. അസം, ത്രിപുര സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട ഹർജികൾക്കായി പ്രത്യേക നോഡൽ അഭിഭാഷകരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവും ബെഞ്ച് പുറപ്പെടുവിച്ചു. ഹർജിക്കാർക്ക് വേണ്ടി അഡ്വ. അങ്കിത് യാദവിനെയും എതിർഭാഗത്തിനായി അഡ്വ. കനു അഗർവാളിനെയുമാണ് നിയമിച്ചത്.

ആരുടെയും പൗരത്വം റദ്ദാക്കാനല്ല നിയമമെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയിൽ വ്യക്തമാക്കി. ഇന്ത്യയിലേക്ക് അഭയം തേടി വന്നവര്‍ക്ക് പൗരത്വം നല്‍കാനാണ് നിയമമെന്നും സർക്കാർ കോടതിയിൽ നിലപാട് അറിയിച്ചു. ഹര്‍ജി നല്‍കാനുള്ള ആരുടെയും അവകാശം ചോദ്യം ചെയ്യുന്നില്ലെന്ന് കേന്ദ്രം കോടതിയിൽ നിലപാട് പറഞ്ഞു.പൗരത്വ ഭേദഗതി നിയമം 2019, പൗരത്വ ഭേദഗതി ചട്ടങ്ങൾ 2024 എന്നിവ സ്റ്റേ ചെയ്യാനുള്ള അപേക്ഷകൾ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്. സിഎഎയെ ചോദ്യം ചെയ്ത് 237 റിട്ട് ഹർജികൾ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്തിട്ടുണ്ട്. 2022 ഒക്ടോബർ 31-നാണ് ഇവ അവസാനമായി കോടതിയിൽ ലിസ്റ്റ് ചെയ്തത്. മാർച്ച് 11-ന്, പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതിനായി കേന്ദ്ര സർക്കാർ പൗരത്വ ഭേദഗതി ചട്ടങ്ങൾ 2024 വിജ്ഞാപനം ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് നിയമവും ചട്ടങ്ങളും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ കോടതിയെ സമീപിച്ചത്. കേരള സർക്കാർ, ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ്, ഡിവൈഎഫ്ഐ, ഓൾ അസം സ്റ്റുഡൻ്റ്സ് യൂണിയൻ, അസമിലെ പ്രതിപക്ഷ നേതാക്കളായ ദേബബ്രത സൈക്ക, അബ്ദുൾ ഖലീക്ക്, എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസി, സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള സംഘടനകളാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments