വത്തിക്കാന്റെ വിലക്ക് ലംഘിച്ച് മെത്രാൻ വാഴ്ച; കത്തോലിക്കാ സഭയിൽ വീണ്ടും പിളർപ്പ്?

Global Indian Writer · July 2, 2026 · 1 min read · 0 Comments · 0 Shares

മോൺസിഞ്ഞോർ ജോജി വടകര

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധികാരിയായ പരിശുദ്ധ പിതാവിന്റെ കർശനമായ വിലക്കുകളും മുന്നറിയിപ്പുകളും കാറ്റിൽപ്പറത്തി പാരമ്പര്യവാദികളായ കത്തോലിക്കാ പുരോഹിതരുടെ അന്താരാഷ്ട്ര കൂട്ടായ്മയായ ‘പത്താം പീയൂസിന്റെ സഭ’ (SSPX) നാല് പുതിയ മെത്രാന്മാരെ വാഴിച്ചു. കത്തോലിക്കാ സഭയുടെ നിയമങ്ങൾക്ക് വിരുദ്ധമായ ഈ നടപടി സഭയിൽനിന്നുള്ള സ്വയം പുറത്താകലിന് (ശീശ്മ/Excommunication) കാരണമാകുമെന്ന് വത്തിക്കാൻ മുൻകൂട്ടി മുന്നറിയിപ്പ് നൽകിയിരുന്ന പശ്ചാത്തലത്തിലാണ് ഈ നാടകീയ നീക്കം.

മുന്നറിയിപ്പുകൾ അവഗണിച്ച് എക്കോണിലെ ചടങ്ങുകൾ

ആർച്ച്ബിഷപ് ലെഫേബ്രിൻറെ പിൻഗാമികളെന്ന പേരിൽ അറിയപ്പെടുന്ന ഈ സമൂഹത്തിന്റെ സിരാകേന്ദ്രമായ സ്വിറ്റസർലണ്ടിലെ എക്കോണിൽ (Ecône) വെച്ചായിരുന്നു വിവാദപരമായ മെത്രാഭിഷേക ചടങ്ങുകൾ നടന്നത്. ബിഷപ്പ് അൽഫോൻസോ ദേ ഗലറേത്ത (Alfonso de Galarreta) മുഖ്യ കാർമ്മികത്വം വഹിച്ച ചടങ്ങിൽ ബിഷപ് ബെർണാഡ് ഫെല്ല (Bernard Fellay) സഹകാർമ്മികനായി. 1988 ജൂൺ 30-ന് വത്തിക്കാന്റെ അനുമതിയില്ലാതെ ആർച്ച്ബിഷപ് ലെഫേബ്ര് അഭിഷേകം ചെയ്ത നാല് മെത്രാന്മാരിൽപ്പെട്ടവരാണ് ഇരുവരും എന്നത് ശ്രദ്ധേയമാണ്.

ജൂലൈ ഒന്നിന് പ്രാദേശിക സമയം രാവിലെ ഒൻപത് മണിക്ക് ആരംഭിച്ച ചടങ്ങുകളിൽ ആയിരത്തിലധികം വൈദികരും സമർപ്പിതരും, പതിനയ്യായിരത്തോളം വിശ്വാസികളും പങ്കെടുത്തതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

നിയമിതരായ പുതിയ മെത്രാന്മാർ:
പാസ്കൽ ഷ്റൈബർ (53 വയസ്സ്) – സ്വിറ്റ്സർലണ്ട്

മൈക്കിൾ ഗോൾഡേഡ് – വടക്കേ അമേരിക്ക

മൈക്കിൾ പ്വാൻസിനെ ദ് സിവ്രി (42 വയസ്സ്) – ഫ്രാൻസ്

മാർക്ക് ഹാപ്പീർ (36 വയസ്സ്) – ഫ്രാൻസ്

കടുത്ത നിലപാടുമായി വത്തിക്കാൻ; വെല്ലുവിളിച്ച് പാരമ്പര്യവാദികൾ
കർത്താവിന്റെ തിരുസഭയിൽ വലിയ വിള്ളലുണ്ടാക്കുന്ന ഈ ചടങ്ങുകളുമായി മുന്നോട്ട് പോകരുതെന്ന് ലിയോ പതിനാലാമൻ പാപ്പായും, വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസും പല തവണ ഔദ്യോഗികമായി മുന്നറിയിപ്പ് നൽകിയിരുന്നു. കൂടാതെ, ക്രൈസ്തവ ഐക്യത്തിനായി ആഹ്വാനം ചെയ്തുകൊണ്ട് ജൂൺ 29-ന് പരിശുദ്ധ പിതാവ് ഈ സമൂഹത്തിന് നേരിട്ടൊരു കത്തും അയച്ചിരുന്നു. കാനോനിക നിയമപ്രകാരം (Latae Sententiae) പാപ്പായുടെ അനുമതിയില്ലാത്ത മെത്രാഭിഷേകം സഭയിൽ നിന്ന് സ്വയം പുറത്താക്കപ്പെടേണ്ട കുറ്റമാണ്.

“പത്താം പീയൂസിന്റെ സഭയുടെ തുടർച്ചയ്ക്ക് ഈ മെത്രാഭിഷേകം അനിവാര്യമാണ്. ലെഫേബ്രിന്റെ സഭയുടെ നിലനിൽപ്പ് കണക്കിലെടുക്കുമ്പോൾ വത്തിക്കാന്റെ ആത്മീയ അനുമതി ഇതിനുണ്ടെന്ന് തന്നെ കരുതണം. ഈ അഭിഷേകം മൂലം ഉണ്ടാകുന്ന യാതൊരുവിധ ‘ശിക്ഷകൾക്കും ശാസനകൾക്കും’ ഞങ്ങളുടെ മുൻപിൽ വിലയില്ല.” — ഫാ. ദാവിദേ പാല്യറാനി (സുപ്പീരിയർ ജനറൽ, പത്താം പീയൂസ് സഭ)

ആഗോള സഭയ്ക്ക് വീണ്ടുമൊരു കറുത്ത ദിനം
അനുയായികൾ ഇതിനെ ‘ചരിത്രപരമായ ദിനം’ എന്ന് വിശേഷിപ്പിക്കുമ്പോൾ, ആഗോള കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം ഭിന്നതയുടെ പഴയൊരു മുറിവ് വീണ്ടും തുറക്കപ്പെട്ട വേദന നിറഞ്ഞ ദിവസമാണിത്. വത്തിക്കാന്റെ കാനോനിക നിയമങ്ങളെ പരസ്യമായി വെല്ലുവിളിച്ചുകൊണ്ട് നടത്തിയ ഈ മെത്രാൻ വാഴ്ച വരുംദിവസങ്ങളിൽ കത്തോലിക്കാ സഭയ്ക്കുള്ളിൽ വലിയ നിയമ-വിശ്വാസ പ്രതിസന്ധികൾക്ക് വഴിതുറക്കുമെന്നുറപ്പാണ്.

Share this story

Leave a Comment

Your comment will be visible after admin approval.