ന്യൂയോർക്ക്∙ യുഎസിലെ അപ്സ്റ്റേറ്റ് ന്യൂയോർക്കിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർഥിനി മരിച്ചു. ആന്ധ്രപ്രദേശ് സ്വദേശിനി പ്രസന്ന അട്ടലൂരി (25) ആണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന് പിന്നിൽ മറ്റൊരു കാർ വന്നിടിച്ചായിരുന്നു അപകടം. പേസ് യൂണിവേഴ്സിറ്റിയുടെ ലൂബിൻ സ്കൂൾ ഓഫ് ബിസിനസിൽ നിന്നും അടുത്തിടെയാണ് പഠനം പൂർത്തിയാക്കിയത്.
സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് പ്രസന്നയുടെ കുടുംബം അറിയിച്ചു. ഇവർ സഞ്ചരിച്ചിരുന്ന കാർ ട്രാഫിക് സിഗ്നലിൽ കിടക്കുമ്പോൾ, അമിതവേഗതയിലെത്തിയ മറ്റൊരു വാഹനം പിന്നിൽ നിന്ന് വന്നിടിക്കുകയായിരുന്നു. ജൂലൈ 5-ന് നടന്ന ഈ അപകടത്തിൽ പ്രസന്നയ്ക്കൊപ്പം യാത്ര ചെയ്തിരുന്ന മറ്റൊരു യുവതിയും മരിച്ചു. കാറിലുണ്ടായിരുന്ന മറ്റൊരു യുവതി ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
ആന്ധ്രപ്രദേശ് എൻടിആർ ജില്ലയിലെ ഇബ്രാഹിംപട്ടണം മൂലപ്പാടാണ് പ്രസന്നയുടെ സ്വദേശം. പിതാവ് അട്ടലൂരി വസന്ത റാവു കർഷകനാണ്. മാതാവ് ചെറിയൊരു ബാഗ് നിർമാണ യൂണിറ്റ് നടത്തിവരികയാണ്. യുഎസിൽ പഠനം പൂർത്തിയാക്കിയ പ്രസന്ന അവിടെ ജോലി കണ്ടെത്താനുള്ള ശ്രമങ്ങളിലായിരുന്നുവെന്ന് കുടുംബം പറഞ്ഞു.
മൃതദേഹം ഇന്ത്യയിലെത്തിക്കുന്നതിനായി യുഎസിൽ ബന്ധുകളുടെയും സുഹൃത്തുകളുടെയും നേതൃത്വത്തിൽ ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്
Leave a Comment
Your comment will be visible after admin approval.