ചെന്നൈ: വീണ്ടും ഗോമൂത്രത്തിനു പുകഴ്‌ത്തൽ. മദ്രാസ് ഐഐടി ഡയറക്ടർ വി.കാമകോടിയാണു ഗോമൂത്രത്തെ വാഴ്‌ത്തി രംഗത്തെത്തിയത്. ഗോമൂത്രം കുടിച്ചാൽ രോഗങ്ങൾ മാറുമെന്നും അതു വിശേഷപ്പെട്ട മരുന്നാണെന്നും കാമകോടി പറയുന്ന വിഡിയോ വൈറലാണ്.
‘‘പനി വന്നപ്പോൾ ഒരു സന്യാസിയുടെ നിർദേശപ്രകാരം ഗോമൂത്രം കുടിച്ചു. 15 മിനിറ്റിൽ പനി മാറി. ബാക്ടീരിയയെയും ഫംഗസിനെയും നശിപ്പിക്കാൻ ഗോമൂത്രത്തിനു കഴിയും. ദഹനപ്രശ്നങ്ങളും മാറും.’’– കാമകോടി പറഞ്ഞു. മാട്ടുപൊങ്കലിന്റെ ഭാഗമായുള്ള ഗോ സംരക്ഷണ ശാല ചടങ്ങിലായിരുന്നു കാമകോടിയുടെ പരാമർശം. ഇത്തരത്തിൽ അശാസ്ത്രീയ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതു പദവിക്കു നിരക്കാത്തതാണെന്നു കോൺഗ്രസ് എംപി കാർത്തി ചിദംബരം വിമർശിച്ചു.