ന്യൂഡൽഹി: ജൂൺമാസത്തിൽ നടന്ന യുജിസി നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പറുകളിൽ അക്ഷരത്തെറ്റുകളും വിവർത്തന പിശകുകളും ഉൾപ്പെടെ ഗുരുതരമായ പാളിച്ചകൾ കണ്ടെത്തിയതിനെത്തുടർന്ന് മൂന്ന് പ്രധാന വിഷയങ്ങളിൽ പുനപ്പരീക്ഷ നടത്താൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ.).
ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി എന്നീ വിഷയങ്ങളിലെ പരീക്ഷകളാണ് വീണ്ടും നടത്തുന്നത്. ജെആർഎഫ്, അസിസ്റ്റന്റ് പ്രൊഫസർ യോഗ്യത, പിഎച്ച്ഡി പ്രവേശനം എന്നിവയെ ബാധിക്കുന്ന പരീക്ഷയായതിനാൽ പരീക്ഷാ നടത്തിപ്പിലെ സുതാര്യത ഉറപ്പാക്കാനാണെന്നാണ് എൻടിഎയുടെ വിശദീകരണം.
ജൂൺ 22 മുതൽ 30 വരെയും തുടർന്ന് ജൂലൈ 5-നും നടന്ന പരീക്ഷകളിലെ പിഴവുകളെക്കുറിച്ച് വ്യാപകമായ പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് എൻടിഎ അന്വേഷണ സമിതിയെ നിയോഗിച്ചത്. സമിതി സമർപ്പിച്ച റിപ്പോർട്ട് പരീക്ഷാ നടത്തിപ്പിലെ വലിയ അപാകതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.
അക്ഷരത്തെറ്റുകളും വിവർത്തന പിശകുകളും: പ്രമുഖ പണ്ഡിതന്മാരുടെ പേരുകൾ തെറ്റായി നൽകുക, പുസ്തകങ്ങളുടെ ശീർഷകങ്ങളിൽ പിഴവ് വരുത്തുക, തെറ്റായ വിവർത്തനം എന്നിവ ചോദ്യപേപ്പറുകളിൽ കടന്നുകൂടി.
വ്യാകരണ പിശകുകൾ: ലിംഗഭേദം, ഏകവചനം-ബഹുവചനം എന്നിവയുമായി ബന്ധപ്പെട്ട വ്യാകരണ പിശകുകളും ചോദ്യങ്ങളുടെ ഘടനയിലെ അപാകതകളും പരീക്ഷയുടെ നിലവാരത്തെ ബാധിച്ചു.
ചോദ്യങ്ങളുടെ ആവർത്തനം: മുൻ വർഷങ്ങളിൽ ചോദിച്ച ചോദ്യങ്ങൾ വലിയ തോതിൽ മാറ്റങ്ങളില്ലാതെ ആവർത്തിച്ചതായും സമിതി കണ്ടെത്തി.
നീതിയുക്തമായ പരീക്ഷാ രീതി ഉറപ്പാക്കാൻ മൂന്ന് വിഷയങ്ങളിലും പരീക്ഷ വീണ്ടും നടത്തുകയല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ലെന്ന് സമിതി ശുപാർശ ചെയ്യുകയായിരുന്നു.
ഉദ്യോഗാർഥികൾ ശ്രദ്ധിക്കാൻ
പുനർപരീക്ഷയ്ക്കായി ഉദ്യോഗാർഥികൾ അധിക ഫീസ് നൽകേണ്ടതില്ലെന്ന് എൻടിഎ അറിയിച്ചിട്ടുണ്ട്. പരീക്ഷാ തീയതി, കേന്ദ്രം, അഡ്മിറ്റ് കാർഡ് എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പ്രസിദ്ധീകരിക്കും.
അതേസമയം, മറ്റ് 84 വിഷയങ്ങളിലെ പരീക്ഷാ നടപടികളെ തീരുമാനം ബാധിക്കില്ല. വിഷയങ്ങളിലെ പ്രാഥമിക ഉത്തരസൂചിക ഇതിനകം പ്രസിദ്ധീകരിച്ചു കഴിഞ്ഞു. വിഷയങ്ങളുടെ ഫലപ്രഖ്യാപനമോ, ജെആർഎഫ് സീറ്റ് അലോട്ട്‌മെന്റോ, ഇ-സർട്ടിഫിക്കറ്റ് വിതരണമോ പുനർപരീക്ഷ കാരണം വൈകില്ലെന്നും എൻടിഎ വ്യക്തമാക്കിയിട്ടുണ്ട്.
Leave a Comment
Your comment will be visible after admin approval.