വാരാണസി: കനത്ത മഴയെത്തുടർന്ന് വാരാണസിയിൽ ഗംഗാനദിയിലെ ജലനിരപ്പ് അതിവേഗം ഉയരുന്ന സാഹചര്യത്തിൽ തീരപ്രദേശങ്ങൾ പ്രളയഭീതിയിൽ. തിങ്കളാഴ്ച നദിയിലെ ജലനിരപ്പ് 69.40 മീറ്ററിലെത്തി. ഇവിടെ അപകട മുന്നറിയിപ്പ് പരിധി 70.262 മീറ്ററും, അപകട നില 71.26 മീറ്ററുമാണ്. നിലവിൽ വാരാണസിയിലെ 84 ഘാട്ടുകളും പൂർണമായും വെള്ളത്തിനടിയിലാണ്.
താഴ്ന്നപ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്. നമോ ഘാട്ടിലെ പ്രശസ്തമായ ‘നമസ്തേ’ പ്രതിമ ഉൾപ്പെടെയുള്ളവ വെള്ളത്തിനടിയിലാണ്. സമീപത്തുള്ള റിവർ പോലീസ് കമ്മീഷണറേറ്റ് ഓഫീസിലും വെള്ളം കയറിയിട്ടുണ്ട്. മണിക്കൂറിൽ നാല് സെൻ്റീമീറ്റർ എന്ന തോതിലാണ് നിലവിൽ ഗംഗയിലെ ജലനിരപ്പ് ഉയരുന്നത്.
മുൻകരുതൽ നടപടിയുടെ ഭാഗമായി നദിയിലൂടെയുള്ള ബോട്ട് സർവീസ് അധികൃതർ താത്കാലികമായി നിർത്തിവെച്ചു. ജലനിരപ്പ് ഉയർന്നതോടെ വരുണ നദി വിപരീത ദിശയിൽ ഒഴുകി. ഇത് തീരത്തുള്ള താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിനടിയിലാക്കി. ഇതോടെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിതമായ ഉയർന്ന സ്ഥലങ്ങളിലേക്ക് മാറിപ്പാർക്കാൻ തുടങ്ങിയിട്ടുണ്ട്.
പ്രളയസാഹചര്യം മുന്നിൽക്കണ്ട് ജില്ലാ ഭരണകൂടം മുൻകരുതലുകൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. വാരാണസിയിൽ ഉടനീളം 61 ദുരിതാശ്വാസ ക്യാമ്പുകൾ ഒരുക്കിയിട്ടുണ്ട്. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലെ ജലനിരപ്പും സ്ഥിതിഗതികളും സൂക്ഷ്മമായി നിരീക്ഷിക്കാൻ 21 ഫ്ലഡ് പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.
ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങൾക്കായി 198 ബോട്ടുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ദുരന്ത നിവാരണ സേന, വാട്ടർ പോലീസ്, പ്രൊവിൻഷ്യൽ ആൻഡ് കോൺസ്റ്റാബുലറി എന്നിവരുടെ സംഘങ്ങൾ മേഖലയിൽ നിലയുറപ്പിച്ചിട്ടുണ്ട്. കൂടാതെ കന്നുകാലികളെ സുരക്ഷിതമായി മാറ്റിപ്പാർപ്പിക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിയതായി അധികൃതർ അറിയിച്ചു.
Leave a Comment
Your comment will be visible after admin approval.