വിവിധ അധ്യാപക തസ്തികകളിലേക്കുള്ള പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസം കൂടി ദീർഘിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി

Global Indian Writer · September 2, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ അധ്യാപക തസ്തികകളിലേക്കുള്ള പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസം കൂടി ദീർഘിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വി.ഡി സതീശൻ അറിയിച്ചു. സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ കാലാവധി അവസാനിക്കുന്ന അധ്യാപക റാങ്ക് ലിസ്റ്റുകളാണ് ആറ് മാസത്തേക്ക് കൂടി നീട്ടാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പ്രൈമറി മുതൽ എച്ച്എസ്എസ്ടി വരെയുള്ള 18 റാങ്ക് പട്ടികകൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. സെൻസസ്, ബിഎൽഒ ചുമതലകൾ, അന്തർജില്ലാ സ്ഥലംമാറ്റ നടപടികളിലെ കാലതാമസം, സ്റ്റാഫ് ഫിക്സേഷൻ വൈകിയത് തുടങ്ങിയ കാരണങ്ങളാൽ ഒഴിവുകൾ യഥാസമയം കണ്ടെത്തി പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യുന്നതിൽ കാലതാമസം നേരിട്ടിരുന്നു. ഉദ്യോഗാർത്ഥികൾക്ക് ഇതുമൂലം നിയമന അവസരങ്ങൾ നഷ്ടപ്പെടാതിരിക്കാനാണ് കാലാവധി നീട്ടി നൽകുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.


സംസ്ഥാനത്ത് ലഹരിമരുന്നുകൾക്കെതിരായുള്ള ‘ഓപ്പറേഷൻ തൂഫാൻ’ മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെട്ടിക്കിടക്കുന്ന കേസുകളുടെ വിചാരണ വേഗത്തിലാക്കാൻ പാലക്കാട്‌, മഞ്ചേരി, തൃശൂർ എന്നിവിടങ്ങളിലാണ് പുതിയ എൻഡിപിഎസ് കോടതികൾ അനുവദിച്ചിരിക്കുന്നത്. ഈ മൂന്ന് കോടതികളിലുമായി 11 പേരെ വീതം പുതുതായി നിയമിക്കും. ഇതുവഴി ആകെ 33 പുതിയ തസ്തികകൾ സൃഷ്ടിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയെ വഴി തടഞ്ഞ സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലുള്ള ചേന്തി അനിലിനെ വ്യക്തിപരമായി പരിചയമില്ലെന്ന് സതീശൻ പറഞ്ഞു. പരിപാടിയുടെ സംഘാടകന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന പൊലീസ് റിപ്പോർട്ടിനെ തുടർന്നാണ് ആ പരിപാടി ഉപേക്ഷിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യം ഒരാഴ്ച മുൻപേ തന്നെ സംഘാടകരെ അറിയിച്ചിരുന്നു. ചെമ്പഴന്തിയിലേക്ക് പോകുന്ന വഴി ഇയാൾ വാഹനം തടയുകയും വളരെ മോശമായി സംസാരിക്കുകയും ചെയ്തിരുന്നു. അവിടെയൊരു സംഘർഷം ഒഴിവാക്കാനാണ് താൻ തിരികെ വാഹനത്തിൽ കയറിയതെന്നും, പൊലീസ് സ്വമേധയാ ആണ് ഇതിൽ കേസെടുത്തിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.


ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട പരാതി ആഭ്യന്തര വകുപ്പിന് കൈമാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ജിഎസ്ടി തട്ടിപ്പ് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എൽഡിഎഫിൽ നടക്കുന്നത് കലാപമാണെന്ന് വി.ഡി സതീശൻ പറഞ്ഞു. സിപിഎം – സിപിഐ തർക്കം രൂക്ഷമായി തുടരുകയാണ്. തങ്ങൾ അത് ആസ്വദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മുന്നണിയിലേക്ക് സിപിഐയെ മുസ്‌ലിം ലീഗ് ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


എസ്എഫ്ഐ സമരത്തെയും മുഖ്യമന്ത്രി വിമർശിച്ചു. പാർട്ടിയിലെ പ്രശ്നങ്ങൾ മറച്ചുവെക്കാൻ കുട്ടികളെക്കൊണ്ട് ചുടുചോറ് വാരിപ്പിക്കുകയാണ്. എന്തിനാണ് ഇപ്പോൾ ഇങ്ങനെയൊരു സമരം നടത്തുന്നതെന്ന് മനസിലാകുന്നില്ല. പൊലീസ് ബാരിക്കേഡ് കൊണ്ടാണ് കുട്ടികൾക്ക് പരിക്കേറ്റതെന്നും അദ്ദേഹം പറഞ്ഞു.

സ്വകാര്യ ബസ് മേഖലയെക്കൂടി സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. യാത്രക്കാർക്ക് സൗജന്യ യാത്രകൾ നൽകിയിട്ടും കെഎസ്ആർടിസി റെക്കോർഡ് നേട്ടമാണ് ഉണ്ടാക്കുന്നത്. ഓണക്കാലത്ത് സിവിൽ സപ്ലൈസ് വകുപ്പ് മികച്ച രീതിയിലാണ് പ്രവർത്തിച്ചത്. വകുപ്പിന്റെ ഈ പ്രവർത്തനങ്ങളെ മന്ത്രിസഭായോഗം അഭിനന്ദിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെയുള്ള കേരളത്തിന്റെ പ്രതിഷേധം പ്രധാനമന്ത്രിയെയും റെയിൽവേ മന്ത്രിയെയും നേരിട്ട് അറിയിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വന്ദേമാതരം ചൊല്ലുന്നതുമായി ബന്ധപ്പെട്ട വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. സംസ്ഥാന സർക്കാരിന്റെ പരിപാടികളിൽ സാധാരണയായി വന്ദേമാതരം ചൊല്ലാറില്ല. എന്നാൽ ഉപരാഷ്ട്രപതിയോ മറ്റോ വരുമ്പോൾ അതിന്റേതായ പ്രോട്ടോക്കോൾ പാലിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രൂണെയിലുള്ള ദാമോദരമേനോനെ നാട്ടിലെത്തിക്കുന്ന വിഷയം ഇതുവരെ സർക്കാരിന്റെ മുന്നിലെത്തിയിട്ടില്ല. പിആർഡി കരാർ ജീവനക്കാരുടെ പ്രതിഫലം വൈകിയെന്ന പരാതി പരിശോധിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Share this story

Leave a Comment

Your comment will be visible after admin approval.