തിരുവനന്തപുരം: അയ്യപ്പനെതിരെ അധിക്ഷേപ പരാമർശം നടത്തിയ വിഷയത്തിൽ ദളിത് ആക്ടിവിസ്റ്റായ സണ്ണി എം. കപിക്കാടിനെതിരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് നിയമ നടപടിക്ക്. നാളത്തെ ബോർഡ് യോഗത്തിൽ സണ്ണി എം. കപിക്കാടിനെതിരെ പോലീസിൽ പരാതി നൽകുന്നത് സംബന്ധിച്ച് ചർച്ച ചെയ്ത് തീരുമാനമെടുക്കും. പരാമർശം വിശ്വാസികളെ മുറിവേൽപ്പിക്കുന്നതാണെന്നും അയ്യപ്പനെ അപമാനിക്കുന്നതുമാണെന്ന് ബോർഡംഗം പി.ഡി സന്തോഷ് കുമാർ പ്രതികരിച്ചു.
ലോകമെമ്പാടുമുള്ള ജാതിഭേദമന്യേ എല്ലാ മനുഷ്യരുടെയും ആരാധനാ കേന്ദ്രമാണ് ശബരിമല. വിശ്വാസമാണ് അയ്യപ്പൻ. ആ വിശ്വാസത്തെയും അയ്യപ്പനെയും അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവന അപമാനകരമാണ്. ഇക്കാര്യത്തിൽ ശക്തമായ നടപടി തിരുവിതാംകൂർ ദേവസ്വം ബോർഡ് : സ്വീകരിക്കും. നാളത്തെ യോഗത്തിൽ ഇക്കാര്യം ഉന്നയിക്കുമെന്നും പി.ഡി. സന്തോഷ് കുമാർ പറഞ്ഞു.
അയ്യപ്പനെതിരെ അധിക്ഷേപ പരാമർശം നടത്തിയപ്പോൾ അതിനെതിരെ ആദ്യം പ്രതികരിക്കേണ്ടത് ദേവസ്വം ബോർഡായിരുന്നു. ശബരിമല ക്ഷേത്രത്തിന്റെയും അയ്യപ്പന്റെയും സംരക്ഷണത്തിന്റെ ഉത്തരവാദിത്വം തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിക്ഷിപ്തമാണ്. ശബരിമലയിൽനിന്നുള്ള വരുമാനമാണ് ബോർഡിന്റെയും മറ്റ് നൂറു കണക്കിന് ക്ഷേത്രങ്ങളുടെയും നിലനിൽപ്പിന് ആധാരം. എന്നാൽ, അയ്യപ്പനെതിരെയും ശബരിമല ക്ഷേത്രത്തിനെതിരെയും അധിക്ഷേപ പരാമർശം ഉണ്ടയപ്പോൾ ബോർഡിന്റെ ഭാഗത്തുനിന്ന് മെല്ലപ്പോക്കുണ്ടായത് വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നാളെ നടക്കുന്ന യോഗത്തിൽ വിഷയം ചർച്ചയാകുന്നത്.
നേരത്തെ വിമർശനങ്ങൾ ഉയർന്നതോടെ സണ്ണി എം. കപിക്കാട് ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ഖേദപ്രകടനം നിയമനടപടിയെടുക്കുന്നതിന് വിഘാതമാകില്ലെന്നാണ് ഉയർന്നിരിക്കുന്ന നിർദേശം.
Leave a Comment
Your comment will be visible after admin approval.