പാരീസ്: ഹിന്ദു സംഘടനയുടെ സന്ദർശനത്തിനിടെ വനിതാ ജീവനക്കാരെ ജോലി സ്ഥലങ്ങളിൽനിന്ന് മാറ്റിനിർത്തിയെന്ന ആരോപണത്തെ തുടർന്ന് ജീവനക്കാരുടെ പ്രതിഷേധത്തെ തുടർന്ന് ഫ്രാൻസിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഈഫൽ ടവർ തിങ്കളാഴ്ച അടച്ചിട്ടു. ബൊചസൻവാസി അക്ഷർ പുരുഷോത്തം സ്വാമിനാരായൺ സൻസ്ഥ (ബി.എ.പി.എസ്)മായി ബന്ധപ്പെട്ട നൂറോളം പേരടങ്ങിയ സംഘമാണ് ശനിയാഴ്ച ഈഫൽ ടവർ സന്ദർശിച്ചത്.
സംഘം കടന്നുപോകുന്നതിനിടെ വനിതാ ജീവനക്കാരോട് അവരുടെ ജോലി സ്ഥലങ്ങളിൽനിന്ന് മാറിനിൽക്കാൻ ആവശ്യപ്പെട്ടെന്നും പകരം പുരുഷ ജീവനക്കാരെ നിയോഗിച്ചെന്നുമാണ് യൂണിയൻ പ്രതിനിധി ഡയാൻ ദവോയിൻ ഫ്രഞ്ച് മാധ്യമങ്ങളോട് പറഞ്ഞത്. ലിംഗ വിവേചനപരമായ നടപടി അംഗീകരിക്കാനാകില്ലെന്ന് ജീവനക്കാർ പ്രതികരിച്ചു.
ഈഫൽ ടവർ നടത്തുന്ന എസ്.ഇ.ടി.ഇ വനിതകളുമായുള്ള ഇടപെടൽ പരിമിതപ്പെടുത്തുന്ന രീതിയിൽ സന്ദർശനം ക്രമീകരിക്കണമെന്ന ആവശ്യം ബാപ്സിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചു. എന്നാൽ ഇത്തരം നിബന്ധനകൾ അംഗീകരിക്കാൻ പാടില്ലായിരുന്നുവെന്നും എസ്.ഇ.ടി.ഇ വ്യക്തമാക്കി. അസാധാരണ സാഹചര്യങ്ങൾ കാരണമാണ് ടവർ അടച്ചതെന്നായിരുന്നു അധികൃതരുടെ വിശദീകരണം.
സംഭവത്തിൽ ബി.എ.പി.എസ് ഖേദം പ്രകടിപ്പിച്ചു. സംഘത്തിന്റെ വലുപ്പം കണക്കിലെടുത്ത് മറ്റ് സന്ദർശകർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് സാധാരണ പ്രവർത്തനസമയം ആരംഭിക്കുന്ന ഘട്ടത്തിൽ സന്ദർശനം ക്രമീകരിച്ചതെന്ന് സംഘടന അറിയിച്ചു. ആരെയും ഈഫൽ ടവറിൽ പ്രവേശിക്കുന്നതിൽനിന്ന് തടഞ്ഞിട്ടില്ലെന്നും സംഘടന വ്യക്തമാക്കി.
Leave a Comment
Your comment will be visible after admin approval.