തിരുവനന്തപുരം/ഷിക്കാഗോ: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെയും ഭാര്യയുടെയും അമേരിക്കൻ സന്ദർശനത്തെച്ചൊല്ലി സൈബർ ഇടങ്ങളിൽ ഉയർന്ന വിമർശനങ്ങൾക്കും പ്രചാരണങ്ങൾക്കും വിശദീകരണവുമായി മന്ത്രി രംഗത്തെത്തി. ഷിക്കാഗോയിൽ സുഹൃത്തിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് അമേരിക്കയിലെത്തിയതെന്നും യാത്രയുടെയും താമസത്തിന്റെയും ചെലവ് സംഘാടകരാണ് വഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ജയ്ഹിന്ദ് ടിവിയുടെ ആദ്യകാല നേതൃനിരയിൽ പ്രധാന പങ്കുവഹിച്ച ഫെലിക്സ് സൈമണിന്റെ മകന്റെ വിവാഹച്ചടങ്ങിലേക്കുള്ള വ്യക്തിപരമായ ക്ഷണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സന്ദർശനം. വിവാഹച്ചടങ്ങിനൊപ്പം ഷിക്കാഗോയിലെ പ്രവാസി മലയാളികളുമായുള്ള കൂടിക്കാഴ്ചകളിലും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സംഘടിപ്പിച്ച ഓണാഘോഷത്തിലും ചെന്നിത്തല പങ്കെടുത്തു.

മുതിർന്ന കോൺഗ്രസ് നേതാവും സാങ്കേതികവിദ്യാ വിദഗ്ധനുമായ സാം പിത്രോഡയെയും വസതിയിലെത്തി സന്ദർശിച്ച് ചർച്ച നടത്തി. മന്ത്രി മോൻസ് ജോസഫ്, ജോസ് കെ. മാണി എംപി, അൻവർ സാദത്ത് എംഎൽഎ, മുൻ മന്ത്രി പന്തളം സുധാകരൻ തുടങ്ങിയവരും വിവിധ പരിപാടികളിൽ പങ്കെടുത്തു.
അതേസമയം, അമേരിക്കൻ സന്ദർശനത്തെ രാഷ്ട്രീയവൽക്കരിച്ചും പ്രവാസികളുടെ സ്വകാര്യ കുടുംബചടങ്ങുകളിൽ പങ്കെടുക്കുന്ന പൊതുപ്രവർത്തകരെ അപകീർത്തിപ്പെടുത്തിയും നടക്കുന്ന സൈബർ പ്രചാരണങ്ങൾക്കെതിരെ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ് (അഡ്മിനിസ്ട്രേഷൻ) ജെയിംസ് കൂടൽ പ്രതികരിച്ചു.
“അവർ തിരക്കിലാണ്… കേട്ടോ!” എന്ന കുറിപ്പോടെയാണ് ജെയിംസ് കൂടൽ പ്രതികരണം ആരംഭിച്ചത്. “അമേരിക്ക എന്ന് കേൾക്കുമ്പോൾ തന്നെ ചിലർക്ക് ഹാലിളകുന്നതെന്തിനാണ്? അമേരിക്കയിൽ ജീവിക്കുന്നവരും സാധാരണ മനുഷ്യരാണ്. അവരുടെ സന്തോഷത്തിലും ദുഃഖത്തിലും പങ്കുചേരുന്നത് ജനങ്ങളോടൊപ്പം നിൽക്കുന്ന പൊതുപ്രവർത്തകരുടെ മാനുഷിക ഉത്തരവാദിത്തം കൂടിയാണ്,” അദ്ദേഹം പറഞ്ഞു.
പ്രവാസജീവിതത്തിനിടയിൽ സംഘടിപ്പിക്കുന്ന സ്വകാര്യ കുടുംബചടങ്ങുകളിലും സൗഹൃദസംഗമങ്ങളിലും അതിഥികളായി എത്തുന്ന പൊതുപ്രവർത്തകരെ വസ്തുതകൾ മനസ്സിലാക്കാതെ സൈബർ ഇടങ്ങളിൽ പരിഹസിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നത് ശരിയായ പ്രവണതയല്ലെന്നും ജെയിംസ് കൂടൽ ചൂണ്ടിക്കാട്ടി.

“പ്രവാസലോകത്ത് ജീവിക്കുന്ന ഞങ്ങളും മനുഷ്യരാണ്. ഞങ്ങൾക്കും സന്തോഷങ്ങളുണ്ട്, ദുഃഖങ്ങളുണ്ട്, സൗഹൃദങ്ങളുണ്ട്, ബന്ധങ്ങളുണ്ട്. രാഷ്ട്രീയത്തിനപ്പുറം മനുഷ്യബന്ധങ്ങൾക്ക് വില നൽകാൻ നമുക്ക് കഴിയണം. വ്യാജപ്രചാരണങ്ങളേക്കാൾ വലുതാകട്ടെ സത്യവും സൗഹൃദവും മാനുഷികതയും,” അദ്ദേഹം പറഞ്ഞു. അമേരിക്കയിലെ പരിപാടികൾ പൂർത്തിയാക്കി രമേശ് ചെന്നിത്തല നാട്ടിലേക്ക് മടങ്ങുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Leave a Comment
Your comment will be visible after admin approval.