മന്ത്രിസഭയിൽ അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളും സ്വാഭാവികമാണെന്ന് മുഖ്യമന്ത്രി

Global Indian Writer · November 18, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: മന്ത്രിസഭയിൽ അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളും സ്വാഭാവികമാണെന്നും അതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യമെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ. മന്ത്രിമാർക്ക് സ്വതന്ത്രമായി അഭിപ്രായം പറയാനും വിയോജിപ്പുകൾ അറിയിക്കാനും അവസരമുണ്ടെന്നും ചർച്ചകൾക്കൊടുവിൽ എല്ലാ വിഷയങ്ങളിലും തീരുമാനമെടുത്തെന്നും അദ്ദേഹം പറഞ്ഞു.

മിഷൻ സമുദ്ര ഉൾപ്പെടെയുള്ള വികസനപദ്ധതികൾ, ഗുരുവായൂർ ദേവസ്വം നിയമനം, കെഎസ്ഇബിയുടെ വൈദ്യുതി വാങ്ങൽ എന്നിവയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും മുഖ്യമന്ത്രി വിശദീകരണം നൽകി.

കേരളത്തെ തുറമുഖ നഗരമാക്കി മാറ്റുന്നതിനുള്ള മിഷൻ സമുദ്ര സർക്കാരിന്റെ സ്വപ്നപദ്ധതിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിയിലൂടെ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് പ്രധാന ലക്ഷ്യം. കേരളത്തെ ഏവിയേഷൻ ഹബ്ബാക്കി മാറ്റുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ടൂറിസം, വിദ്യാഭ്യാസം, ആരോഗ്യം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ കൂടുതൽ നിക്ഷേപം എത്തിക്കാനും പുതിയ പദ്ധതികൾ നടപ്പാക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.


മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമായി പ്രത്യേക പദ്ധതികൾ നടപ്പാക്കും. ഭിന്നശേഷിക്കാർക്കായുള്ള പ്രധാന പദ്ധതി ഡിസംബർ ആദ്യവാരം പ്രഖ്യാപിക്കും. പ്രത്യേക ദുരന്ത നിവാരണ പദ്ധതിക്കും സർക്കാർ രൂപം നൽകുന്നുണ്ട്. കേന്ദ്ര സർക്കാർ പദ്ധതികളിൽ നിന്ന് പരമാവധി സാമ്പത്തിക സഹായം നേടിയെടുക്കാൻ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ പദ്ധതി റിപ്പോർട്ടുകൾ തയ്യാറാക്കിവരികയാണ്. കൺസൾട്ടന്റുമാരുടെയും നോളജ് പാർട്ണർമാരുടെയും സഹായത്തോടെ വിശദമായ റിപ്പോർട്ടുകൾ കേന്ദ്രത്തിന് സമർപ്പിക്കും.

Share this story

Leave a Comment

Your comment will be visible after admin approval.