ന്യൂഡൽഹി: തിരഞ്ഞെടുപ്പു കമ്മിഷനിലെ പൊട്ടിത്തെറിക്കുപിന്നാലെ ആരോപണമുനകൾ മൂർച്ചയോടെ ലക്ഷ്യമിടുമ്പോൾ, യുദ്ധരംഗത്ത് ഒറ്റപ്പെട്ട് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ. ഒരു വർഷമായി രാജ്യത്ത് പലയിടങ്ങളിലായി ഉയരുന്ന പ്രതിഷേധങ്ങൾ രാജ്യതലസ്ഥാനത്ത് ഒരുമിച്ചുയരാനൊരുങ്ങുമ്പോഴും മൗനത്തിനപ്പുറം ഗ്യാനേഷിന് മറുപടിയില്ല.
2025 ഫെബ്രുവരിയിൽ ഇന്ത്യയുടെ ഇരുപത്തിയാറാം മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായി ചുമതലയേറ്റശേഷം ഗ്യാനേഷ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി എസ്.ഐ.ആർ. മാറി. പരീക്ഷാക്രമക്കേടിൽ ആരോപണം നേരിട്ട മന്ത്രി ധർമേന്ദ്രപ്രധാന്റെ രാജിയിൽ കലാശിച്ച സമരപരമ്പരകൾക്ക് സമാനമായ അന്തരീക്ഷമൊരുങ്ങുമ്പോൾ, നടപടിക്രമങ്ങളുടെ വ്യാഖ്യാനങ്ങൾക്കപ്പുറം വിശദീകരണമൊന്നുമില്ല.
കേരള കേഡർ ഉദ്യോഗസ്ഥനായിരുന്ന ഗ്യാനേഷ് കുമാറിന് വിവാദങ്ങൾ പുതിയ കാര്യമല്ല. ഉദ്യോഗപർവത്തിന്റെ അവസാനഘട്ടങ്ങളിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വിശ്വസ്തനായിരുന്നു. ആഭ്യന്തരമന്ത്രാലയത്തിൽ പ്രവർത്തിക്കുമ്പാൾ, ഭരണഘടനയുടെ 370-ാം അനുച്ഛേദം പിൻവലിച്ച നടപടിയിലും രാമക്ഷേത്ര ട്രസ്റ്റ് രൂപവത്കരണത്തിലും പ്രധാന പങ്കുവഹിച്ച് ഭരണനേതൃത്വത്തിന്റെ വിശ്വസ്തനായി.
മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ പദവിയിലെത്തിയശേഷം വിവാദങ്ങളുടെ കുടം തുറക്കുന്നതെല്ലാം ബി.ജെ.പി.ക്കുവേണ്ടിയാണെന്ന പ്രതിപക്ഷ പാർട്ടികളുടെ വിമർശനം ഈ ചരിത്രത്തിലേക്കാണ് വിരൽചൂണ്ടുന്നത്. 2025-ൽ എസ്.ഐ.ആർ. നടപടി ആരംഭിച്ചതുമുതൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിലെ ഉദാഹരണങ്ങൾ നിരത്തി ആരോപണമുന്നയിച്ചപ്പോഴാണ് വോട്ടുകൊള്ള ജനശ്രദ്ധയിലെത്തിയത്. പിന്നീട് പ്രതിപക്ഷ പാർട്ടികളും നേതാക്കളും ആരോപണമുയർത്തി.
ബി.ജെ.പി.യുടെ താത്‌പര്യാർഥമാണ് ഈ വോട്ടുവെട്ടലെന്ന വിമർശനം പരക്കെ ഉയർന്നു. ബംഗാളിലെത്തിയപ്പോൾ കക്ഷിരാഷ്ട്രീയത്തിന്റെ പക്ഷഭേദം പ്രകടമായി. ഒട്ടേറെ ഉന്നതർ വോട്ടുവിലാസം കണ്ടെത്താനാകാതെ അലയുന്നതു കണ്ടപ്പോഴും ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന പല്ലവി കമ്മിഷൻ ആവർത്തിച്ചു.
ഇപ്പോൾ, തുല്യാധികാരമുള്ള രണ്ടു സഹപ്രവർത്തകരുടെ വിയോജിപ്പുകൾ പാളയത്തിൽ പടയെന്നമട്ടിൽ പുറത്തറിഞ്ഞപ്പോൾ, പ്രതിപക്ഷ ആരോപണത്തിന് അടിവരയായി. ആരോപണങ്ങളുടെ കുന്തമുന ഇപ്പോൾ തിരഞ്ഞെടുപ്പു കമ്മിഷനുനേരേയല്ല, മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർക്കു നേരേയാണ്. അതിനാൽ, തിരഞ്ഞെടുപ്പു കമ്മിഷനെ തകർക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നുവെന്ന ബി.ജെ.പി. വാദത്തിന് ഇനി നിലനിൽപ്പില്ല. പുതിയ വിവാദങ്ങൾ പുറത്തുനിന്നല്ല, അകത്തുനിന്നാണെന്നത് കമ്മിഷന്റെ പ്രതിരോധങ്ങളെ ദുർബലപ്പെടുത്തും. ഇനി മറുപടിപറയേണ്ടത് ഗ്യാനേഷ് കുമാറാണ്.
Leave a Comment
Your comment will be visible after admin approval.