കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അവസാനമായി ഒരു നോക്ക് കാണാൻ സിനിമാരംഗത്തെ പ്രമുഖരും. കോട്ടയം തിരുനക്കര മൈതാനിയിൽ ജനനായകനെ കാണാൻ സിനിമ നടന്മാരായ മമ്മൂട്ടി, സുരേഷ് ഗോപി എംപി, ദിലീപ് തുടങ്ങിയവരാണ് എത്തിയത്.
വയലാർ രവി, എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതാക്കളും തിരുനക്കരയിലെത്തിയിട്ടുണ്ട്. മൂന്നോ നാലോ മണിക്കൂറാണ് തിരുനക്കരയിൽ പൊതുദർശനം തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഇവിടെയുള്ള ജനക്കൂട്ടത്തിന് ഈ സമയം മതിയാകില്ല. കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ളവർ കോട്ടയത്ത് എത്തിച്ചേർന്നിരിക്കുകയാണ്. ഉമ്മൻ ചാണ്ടിയുടെ മൃതദേഹവുമായുള്ള വിലാപ യാത്ര ഏറെ നാളത്തെ തട്ടകമായ കോട്ടയം ഡിസിസി ഓഫീസിനരികിലെത്തി ചേരുകയാണ്. ഇവിടെ വെച്ച് ആദരമർപ്പിച്ചു പിന്നീട് തിരുനക്കരയിലേക്ക് കൊണ്ടുപോകും.