പി പി ചെറിയാൻ
ന്യൂയോർക്ക്: തെരഞ്ഞെടുപ്പിന് മുമ്പത്തേക്കാൾ ശക്തമായി താൻ സോഷ്യലിസത്തിൽ വിശ്വസിക്കുന്നുവെന്ന് ന്യൂയോർക്ക് സിറ്റി മേയർ സോഹ്റാൻ മംദാനി. സാധാരണക്കാരായ തൊഴിലാളികളുടെ ആവശ്യങ്ങളിൽ ഊന്നിയുള്ള രാഷ്ട്രീയമാണ് സോഷ്യലിസമെന്നും അദ്ദേഹം പറഞ്ഞു.
നഗരത്തിലെ വാടക വർദ്ധനവ് മരവിപ്പിക്കുക, ബസ് യാത്ര സൗജന്യമാക്കുക, എല്ലാവർക്കും സൗജന്യ ശിശുപരിചരണം ഉറപ്പാക്കുക തുടങ്ങിയവയാണ് തന്റെ ലക്ഷ്യങ്ങളെന്ന് അദ്ദേഹം ആവർത്തിച്ചു.
സിറ്റി നേരിടുന്ന $5.4 ബില്യൺ ബജറ്റ് കമ്മി പരിഹരിക്കാൻ സമ്പന്നർക്ക് പുതിയ നികുതി ഏർപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നേരിട്ടുള്ളതും ഫലപ്രദവുമായ ബന്ധമാണ് തനിക്കുള്ളതെന്ന് മംദാനി വെളിപ്പെടുത്തി. ഐസ് കസ്റ്റഡിയിലായിരുന്ന കൊളംബിയ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയെ വിട്ടയക്കുന്നതിൽ ട്രംപുമായുള്ള കൂടിക്കാഴ്ച സഹായിച്ചതായും അദ്ദേഹം പറഞ്ഞു.



